ഏക മുസ്ലിം എംപിയും എന്‍ഡിഎ വിട്ടു: ബിഹാറിലെ ഖഗാരിയയില്‍ സിപിഎമ്മിന് തുണയാകുമോ മെഹബൂബ് അലി കൈസർ
പാറ്റ്ന: ഏക മുസ്ലിം എംപി മുന്നണി വിട്ടു. ബിഹാറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ ജെ പിയുടെ ലോക്സഭാംഗമായ മെഹബൂബ് അലി കൈസർ പാർട്ടി വിട്ടതോടെയാണ് ഒരു മുസ്ലിം എംപിയും ഇല്ലാത്ത മുന്നണിയായ എന്‍ ഡി എ മാറിയത്. എല്‍ ജെ പി വിട്ട മെഹബൂബ് അലി കൈസർ തേജസ്വി യാദവ് നയിക്കുന്ന ആർ ജെ ഡിയില്‍ ചേരുകയും ചെയ്തു.
മുൻ കേന്ദ്രമന്ത്രി പശുപതികുമാർ പരാസ് കഴിഞ്ഞ മാസം എൽജെപി പിളർത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു മെഹബൂബ് അലി കൈസർ. ഇദ്ദേഹത്തെ പാർട്ടിയില്‍ ഉറച്ച് നിർത്താനുള്ള
അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതിന് ഇടയിലാണ് ചിരാഗ് പാസ്വാൻ ലോക്സഭയിലേക്കുള്ള ടിക്കറ്റും നിഷേധിക്കുന്നത്. ഇതോടെയാണ് മെഹബൂബ് അലി കൈസർ എല്‍ ജെ പി വിട്ട് ആർ ജെ ഡിയിലേക്ക് മാറാനുള്ള തീരുമാനമെടുക്കുന്നത്.

'പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കൈസർ സാഹിബ് ഞങ്ങളോടൊപ്പം ചേരുന്നത്. അദ്ദേഹത്തിൻ്റെ അനുഭവത്തിൽ നിന്ന് ഞങ്ങൾക്ക് നേട്ടമുണ്ടാകും. ഭരണഘടനയെ സംരക്ഷിക്കാനുള്ള നമ്മുടെ പോരാട്ടത്തിന് അനുകൂലമായ ശക്തമായ സന്ദേശം നൽകുന്ന ഒരു നീക്കമാണിത്. ഭരണസംവിധാനത്തിൽ നിന്നുള്ള ഭീഷണിയെ മികച്ച രീതിയില്‍ നേരിടേണ്ടതുണ്ട്" മെഹബൂബ് അലി കൈസറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചുകൊണ്ട് തേജസ്വി യാദവ് പറഞ്ഞു.
സഹർസ ജില്ലയിലെ മുൻ നാട്ടുരാജ്യമായ സിമ്രി ഭക്തിയാർപൂർ ഭരിച്ചിരുന്ന കുടുംബത്തിൽ ജനിച്ച കൈസർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. 2013 ല്‍ ബിഹാർ പി സി സിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം എല്‍ ജെ പിയിലൂടെ എന്‍ ഡി എ പാളയത്തിലെത്തി.
2014 ൽ എൽ ജെ പിയിൽ ചേർന്ന അദ്ദേഹം ഖഗാരിയ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്ക് വിജയിച്ചു. അഞ്ച് വർഷത്തിന് ശേഷം 2019 ല്‍ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം സീറ്റ് നിലനിർത്തി. കൈസർ വന്നതോടെയാണ് ഖഗാരിയ സീറ്റില്‍ ആദ്യമായി എല്‍ ജെ പി വിജയിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെ അന്നത്തെ എൽജെപി അധ്യക്ഷനായിരുന്ന ചിരാഗ് പാസ്വാനുമായുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്.
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് യൂസഫ് സലാഹുദ്ദീന്‍ എല്‍ ജെ പി വിട്ട് ആർ ജെ ഡിയില്‍ ചേരുകയും നിയമസഭ തിരഞ്ഞെടുപ്പില്‍ സിമ്രി ഭക്തിയാർപൂർ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇത്തവണ ഇന്ത്യ സഖ്യത്തിന് കീഴില്‍ ബിഹാറില്‍ സി പി എം മത്സരിക്കുന്ന ലോക്സഭ മണ്ഡലം കൂടിയാണ് ഖഗാരിയ. സഞ്ജയ് കുമാർ കുശ്വാഹയാണ് സ്ഥാനാർത്ഥി. മെഹബൂബ് അലി കൈസർ ആർ ജെ ഡിയുടെ ഭാഗമായത് സി പി എമ്മിന് ഗുണകരമായി മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications