എന്‍ഡിഎയുടെ വിജയം അമ്പരിപ്പിക്കുന്നത്; തുടക്കം മുതല്‍ നീതി നിഷേധിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്‍ഡിഎ നേടിയ റെക്കോഡ് വിജയത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം പുറത്തുവന്നു. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തില്‍ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. മഹാസഖ്യത്തെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.
ബീഹാറില്‍ എന്‍ഡിഎ നേടിയ വിജയം അമ്പരിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അന്യായമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ കുറിപ്പ് ഇങ്ങനെ:
'മഹാഗത്ബന്ധനില്‍ വിശ്വാസമര്‍പ്പിച്ച ബീഹാറിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബീഹാറിലെ ഫലം ശരിക്കും അമ്പരിപ്പിക്കുന്നതാണ്. തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

ഇത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ സഖ്യവും ഈ തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി അവലോകനം ചെയ്യുകയും ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും'.
മത്സരിച്ച 61 സീറ്റുകളില്‍ ആറ് സീറ്റുകള്‍ മാത്രം നേടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലൊണ് രാഹുല്‍ ഗാന്ധിജിയുടെ പ്രതികരണം. അതേസമയം, ബിജെപി-ജെഡിയു സഖ്യം 200 ലേറെ സീറ്റുകള്‍ നേടി ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം ഇങ്ങനെ: 'ബീഹാറിലെ ജനങ്ങളുടെ തീരുമാനത്തെ പാര്‍ട്ടി ബഹുമാനിക്കുമ്പോള്‍ തന്നെ, ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പാര്‍ട്ടി തുടര്‍ന്നും പോരാടും'.
കോണ്‍ഗ്രസ് പാര്‍ട്ടി ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി അവലോകനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട സമീപനങ്ങളെ കുറിച്ച് ആത്മപരിശോധന നടത്തേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. എതിരാളികള്‍ക്കെതിരേ കേവലം ആരോപണങ്ങള്‍ക്കപ്പുറം വോട്ടര്‍മാരുടെ വികാരം എന്താണെന്ന് ആഴത്തില്‍ മനസിലാക്കാനും അവരുടെ ആശങ്കകള്‍ പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന വിലയിരുത്തലുകള്‍ വരുന്നുണ്ട്.
ബീഹാറില്‍ ബിജെപിക്കെതിരേയുള്ള വോട്ട് ചോരി ആരോപണങ്ങള്‍ ജനങ്ങളില്‍ ലവലേശം പോലും സ്വാധീനം ചെലുത്തിയില്ല. നിതീഷ് കുമാറിന്റെ ജനക്ഷേമ പദ്ധതികളാണ് ഇവിടെ വോട്ട് വാരിയത്. മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുമായി മികച്ച ബന്ധം സ്ഥാപിക്കാനും അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാനുമുള്ള സമീപനം സ്വീകരിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക. ബിഹാറിലെ അപ്രതീക്ഷിതമായ വലിയ തോല്‍വിയെതുടര്‍ന്ന് ആത്മപരിശോധന നടത്തുമെന്ന സൂചനയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നല്‍കുന്നത്.












Click it and Unblock the Notifications