യുക്രൈനില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചത് 1400നടുത്ത് ഇന്ത്യക്കാരെ, 6 വിമാനങ്ങൾ എത്തി
ദില്ലി: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് ഇതുവരെ 1400നടുത്ത് ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ ഇന്ത്യന്‍ പൗരന്മാരുമായി 6 വിമാനങ്ങളാണ് യുക്രൈനില്‍ നിന്ന് എത്തിയിട്ടുളളത്. നാല് വിമാനങ്ങള്‍ റൊമേനിയയിലെ ബുചാറെസ്റ്റില്‍ നിന്നും രണ്ട് വിമാനങ്ങള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും ആണ് വന്നിരിക്കുന്നത് എന്ന് വിദേശ വകുപ്പിലെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഓപറേഷന്‍ ഗംഗ എന്ന പേരിലാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം.
യുക്രൈന്‍ വിട്ട് പോരുന്നവര്‍ നേരിട്ട് അതിര്‍ത്തിയിലേക്ക് വരാന്‍ പാടില്ലെന്നും അധികാരികളുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്നും വിദേശകാര്യ വക്താവ് പറഞ്ഞു. മോള്‍ഡോവ വഴിയാണ് നിലവില്‍ ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം. സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചതിന് ശേഷം എട്ടായിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ യുക്രൈന് സഹായം എത്തിക്കാനും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈന്‍ അംബാസിഡറുടെ അഭ്യര്‍ത്ഥന പ്രകാരം മരുന്നുകള്‍ അടക്കമുളള സഹായമാണ് ഇന്ത്യ നല്‍കുക.

വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്റെ വാക്കുകൾ: ''ഉക്രെയ്ൻ രക്ഷാദൗത്യം 'ഓപ്പറേഷൻ ഗംഗ' വിജയകരമായി മുന്നേറുകയാണ്. ബുഡാപെസ്റ്റിൽ നിന്നുള്ള ആറാമത്തെ വിമാനം, 240 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിൽ എത്തിയിരിക്കുന്നു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യൻ പൗരനോടുമുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു..
റൊമാനിയ ,മോൾഡോവ എന്നിവിടങ്ങളിൽ കൂടിയുള്ള രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല ശ്രീ. ജോതിരാദിത്യ സിന്ധ്യ വഹിക്കും. ശ്രീ.കിരൺ റിജിജു സ്ലോവാക്യയിലും, ശ്രീ.ഹർദീപ് സിങ് പുരി ഹംഗറിയിലും ശ്രീ.വി.കെ.സിംഗ് പോളണ്ടിലും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവർത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത് .
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിൻറെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകൾ വഴി ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്ക്കുന്നുണ്ട്. അത് കൃത്യമായി പിൻതുടരുവാൻ അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications