തന്ത്രങ്ങള്‍ ഫലിച്ചു, നെയ്ഫ്യു റിയോ നാഗാലാന്റില്‍ മുഖ്യമന്ത്രിയാവും, ബിജെപിയും ഒപ്പമുണ്ടാകും
നിലവിലെ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ പരാജയപ്പെടുത്തിയാണ് ഇപ്പോള്‍ അദ്ദേഹം അധികാരത്തിലെത്താന്‍ പോകുന്നത്
കൊഹിമ: നാഗാലാന്റില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുമ്പോള്‍ ചര്‍ച്ചയാവുന്നത് നെയ്ഫ്യു റിയോ എന്ന രാഷ്ട്രീയ ആചാര്യന്റെ തന്ത്രങ്ങളാണ്. പല കാലങ്ങളിലായി പല തരത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട റിയോ നാഗാലാന്റില്‍ ഏറ്റവും സ്വാധീനമുള്ള നേതാവ് കൂടിയാണ്. ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പ് തട്ടിക്കൂട്ടിയുണ്ടാക്കിയ പാര്‍ട്ടിയായിരുന്നിട്ടും കേവല ഭൂരിപക്ഷം നേടാന്‍ റിയോയുടെ സഖ്യത്തിന് സാധിച്ചു.
അതിനായി ബിജെപിയുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. എതിരില്ലാതെയാണ് ഈ തിരഞ്ഞെടുപ്പിലും റിയോ ജയിച്ചിരിക്കുന്നത്. അതിനാല്‍ അദ്ദേഹം തന്നെ നാഗാലാന്റ് മുഖ്യമന്ത്രിയാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

ഗംഭീര ജയം
തിരഞ്ഞെടുപ്പിന് മുന്‍പ് റിയോയുടെ പിന്തുണയോടെ രൂപം കൊണ്ട പാര്‍ട്ടിയാണ് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി(എന്‍ഡിപിപി). ഇവര്‍ ബിജെപിയുമായി കൂട്ടുകൂടിയാണ് 31 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയിരിക്കുന്നത്. മുന്‍ പാര്‍ട്ടിയും നിലവിലെ ഭരണകക്ഷിയുമായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ പരാജയപ്പെടുത്തിയാണ് ഇപ്പോള്‍ അദ്ദേഹം അധികാരത്തിലെത്താന്‍ പോകുന്നത്. അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ എതിരാളികള്‍ പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

റിയോയുടെ തന്ത്രങ്ങള്‍
എന്‍പിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് റിയോ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിന് ശേഷം എന്‍ഫിഎഫിന്റെ വോട്ടുബാങ്ക് അനായാസമായി നെയ്ഫ്യൂ റിയോ ചോര്‍ത്തുന്നതാണ് കണ്ടത്. റിയോ സ്ഥാപിച്ച പാര്‍ട്ടിയാണ് എന്‍പിഎഫ്. അതുകൊണ്ട് തന്നെ ആ പാര്‍ട്ടിയുടെ ശക്തി കേന്ദ്രം എന്താണെന്ന് നന്നായി അറിയുന്ന നേതാവ് കൂടിയാണ് റിയോ. ഇത് അദ്ദേഹത്തിന് ഗുണം ചെയ്യുകയായിരുന്നു.

15 വര്‍ഷം ഭരിച്ചു
റിയോയുടെ നേതൃത്വത്തില്‍ എന്‍പിഎഫ് 15 വര്‍ഷം നാഗാലാന്റ് മത്സരിച്ചിരുന്നു. ഈ മൂന്നുതവണയും റിയോ തന്നെയായിരുന്നു മുഖ്യമന്ത്രി. എന്‍പിഎഫില്‍ ചേരുന്നതിന് മുന്‍പ് റിയോ കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. നാഗാ സമാധാന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി എസ്‌സി ജാമിര്‍ തുരങ്കം വയ്ക്കുകയാണെന്ന് ആരോപിച്ചാണ് റിയോ കോണ്‍ഗ്രസ് വിട്ടത്.

പിന്തുണ
ഇതിന് ശേഷമാണ് റിയോ നാഗാലാന്റില്‍ പകരം വെക്കാനില്ലാത്ത നേതാവായത്. നാഗാ സംഘടനകളുടെ പിന്തുണ നേടിയെടുത്ത റിയോ എന്‍പിഎഫിനെ മുന്നില്‍ നിന്ന് നയിച്ചു. 21 സീറ്റോടെ കോണ്‍ഗ്രസ് വലിയ കക്ഷി ആയെങ്കിലും റിയോയുടെ നേതൃത്വത്തില്‍ 19 സീറ്റ് എന്‍പിഎഫ് നേടി. ബിജെപിയെയും ജനതാദളിനെയും കൂട്ടി റിയോ അധികാരത്തിലെത്തുകയും ചെയ്തു.

സെലിയാങ്ങുമായി ഇടഞ്ഞു
പിന്നീടുള്ള രണ്ടുതവണയും അദ്ദേഹം മുഖ്യമന്ത്രിയായി. ഇതിനിടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതാണ് റിയോ എന്‍പിഎഫ് വിടാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രിക്കസേരയില്‍ അദ്ദേഹമിരുത്തിയ സെലിയാങ്ങുമായി റിയോ ഇടഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ചര്‍ച്ചകള്‍ കൂടി വന്നതോടെ റിയോ എന്‍പിഎഫ് വിടുകയും ചെയ്തു.

രാജിവച്ചു
ജയത്തോടെ ലോക്‌സഭാ എംപി സ്ഥാനം റിയോ രാജിവച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം വൈകാതെ തന്നെ ഉണ്ടാവുമെന്നാണ് സൂചന. ബിജെപിക്ക് റിയോ മുഖ്യമന്ത്രിയാവുന്നതിനോട് എതിര്‍പ്പില്ല. സ്വന്തം പാര്‍ട്ടിയിലും അദ്ദേഹത്തിന് എതിരാളികളില്ല. അതിനാല്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications