''അടുത്ത വർഷവും പതാക ഉയർത്തും, ചെങ്കോട്ടയിലല്ല വീട്ടിൽ'', മോദിക്ക് ഖാർഗെയുടെ മറുപടി
ന്യൂ ഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അടുത്ത വര്‍ഷം നരേന്ദ്ര മോദി ചെങ്കോട്ടയില്‍ അല്ല വീട്ടിലിരുന്നാകും പതാക ഉയര്‍ത്തുകയെന്ന് ഖാര്‍ഗെ തുറന്നടിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ കാണാം എന്ന് നരേന്ദ്ര മോദി പറഞ്ഞതിനുളള മറുപടിയാണ് ഖാര്‍ഗെയുടെ വാക്കുകള്‍.
ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യമാണ് വ്യക്തമാക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. അദ്ദേഹം അടുത്ത വര്‍ഷവും ദേശീയ പതാക ഉയര്‍ത്തും. പക്ഷേ അത് അദ്ദേഹത്തിന്റെ വീട്ടില്‍ ആയിരിക്കും, ഖാര്‍ഗെ പറഞ്ഞു.

ആര് ജയിക്കും, ആര് തോല്‍ക്കും എന്നതൊക്കെ ജനങ്ങളുടെ കയ്യിലാണ്, വോട്ടര്‍മാരുടെ കയ്യിലാണ്. 2024ല്‍ ഞാന്‍ ഒരിക്കല്‍ കൂടി പതാക ഉയര്‍ത്തും എന്ന് 2023ല്‍ പറയുന്നത് അഹങ്കാരമാണ്, ഖാര്‍ഗെ കുറ്റപ്പെടുത്തി. സാധാരണയായി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ കേന്ദ്ര സര്‍ക്കാരിനെയോ പ്രധാനമന്ത്രിയെയോ കടന്നാക്രമിക്കുക പതിവില്ല. ഇക്കുറി ഖാര്‍ഗെ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്, പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കുന്നു, തന്റെ പോലും മൈക്ക് സഭയില്‍ മ്യൂട്ട് ചെയ്യപ്പെട്ടുവെന്നും ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രമാണ് രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം എന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ 90 മിനുറ്റ് നീണ്ട പ്രസംഗത്തെ സൂചിപ്പിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.












Click it and Unblock the Notifications