സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!
ദില്ലി: ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുളളതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ഇന്ന് പ്രഖ്യാപിക്കുന്നത് 11 പദ്ധതികളാണ്. അതിൽ 8 എണ്ണവും കൊവിഡിൽ തകർന്നടിഞ്ഞ കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് വേണ്ടിയാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഭരണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുളളതാണ് മറ്റ് മൂന്ന് പദ്ധതികള്‍.
കാർഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൌണായ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികള്‍ ധനമന്ത്രി വിശദീകരിച്ചു. പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി രൂപയാണ് കർഷകരുടെ ക്ഷേമത്തിന് വേണ്ടി കൈമാറിയിരിക്കുന്നത്. താങ്ങുവില സംഭരണത്തിന് 74300 കോടി രൂപ സർക്കാർ ഉറപ്പാക്കി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത് 4100 കോടി രൂപയാണെന്നും നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിഎം ഫസല്‍ ഭീമാ യോജനയില്‍ 2 മാസത്തിനിടെ 6400 കോടി കൈമാറി. ഭക്ഷ്യ മേഖലയിലെ നാമമാത്ര സംരഭങ്ങള്‍ക്ക് പതിനായിരം കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രദേശിക വൈവിധ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കും. കയറ്റുമതിക്ക് സര്‍ക്കാര്‍ സഹായം നല്‍കും. രാജ്യാന്തര നിലവാരത്തിലുളള ബ്രാന്‍ഡ് വികസിപ്പക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാക്കുക ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി 20,000 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കും. കയറ്റുമതി ഇരട്ടിയാക്കും. 55 ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കും. പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതിയും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 13343 കോടി രൂപ ഇതിനായി നീക്കി വെക്കും. സ്ത്രീകളുടെ സംരംഭങ്ങൾക്കും അസംഘടിത മേഖലയ്ക്കും മുൻതൂക്കം നൽകും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും.