ബെംഗളൂരിൽ 60,000 രൂപ ശമ്പളത്തിൽ ജോലി; പക്ഷെ 22 കാരി രാജിവെച്ചു..ചർച്ചയായി തീരുമാനം
ബെംഗളൂരിൽ അഞ്ചക്ക ശമ്പളമുള്ള ഒരു ജോലി എന്നത് നിരവധി യുവാക്കളുടെ സ്വപ്നമാണ്. എന്നാൽ അത്തരമൊരു ജോലി ലഭിച്ചിട്ടും അത് രാജിവെച്ച 22-കാരിയുടെ തീരുമാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ദീക്ഷ എന്ന യുവതിയാണ് ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ലഭിച്ച ജോലി ഉപേക്ഷിച്ചത്.മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്ന ജോലിയാണ് അവർ വേണ്ടെന്ന് വെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീക്ഷ തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചത്.
ജോലി ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് താന ബെംഗളൂരിലേക്ക് ചേക്കേറിയതെന്ന് ദീക്ഷ പറയുന്നു. ജോലിക്കിടെ നല്ല സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ലഭിച്ചിരുന്നു.എന്നാൽ ദിവസവും ഒരേ രീതിയിലുള്ള ജോലി ക്രമം തുടരുന്നത് തനിക്ക് താൽപര്യമില്ലാത്ത കാര്യമാണെന്ന് വീഡിയോയിൽ അവർ വ്യക്തമാക്കി. എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കുക, ഓഫീസിൽ പോകുക, ജോലി ചെയ്യുക, വീട്ടിലേക്ക് മടങ്ങുക എന്ന രീതിയിലുള്ള ജീവിതക്രമം തന്നെ വലിയ രീതിയിൽ മടിപ്പിച്ചുവെന്നാണ് ദീക്ഷയുടെ പരാതി.

നിലവിൽ ജോലി സംബന്ധിച്ച മറ്റൊരു പദ്ധതികളൊന്നും ദീക്ഷയ്ക്കില്ല. ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോൾ കൃത്യമായ ധാരണയുമില്ല. തനിക്ക് പ്രായം കുറവാണെന്നും, പരീക്ഷണങ്ങൾ നടത്താനുള്ള അവസരമാണിതെന്നുമാണ് ദീക്ഷയുടെ പക്ഷം. കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെങ്കിൽ വീണ്ടും പുതിയൊരു തുടക്കത്തിന് താൻ തയ്യാറാണെന്ന് അവർ പറയുന്നു. ജീവിതത്തിലെ ഈ ഇടവേളയെ 'തൊഴിലില്ലാത്ത കാലം' എന്നാണ് ദീക്ഷ വിശേഷിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കോർപ്പറേറ്റ് മേഖലയിലെ ജോലി സാഹചര്യങ്ങളെക്കുറിച്ചും ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചും പലരും അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിലർ ദീക്ഷയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും ആശംസകൾ പങ്കുവെയ്ക്കുകയും ചെയ്തു. സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണമെന്നും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ നല്ല ധൈര്യം ആവശ്യമാണെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്, പ്രത്യേകിച്ച് മറ്റൊരു പ്ലാനുമില്ലാതെ. എല്ലാവർക്കും ഇങ്ങനെയുള്ള തീരുമാനം എടുക്കാൻ സാധിക്കണമെന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ചിലർക്ക് സാഹചര്യങ്ങളും എന്ന് ഓർമ്മിപ്പിക്കുന്നവരും ഉണ്ട്. ജോലി വേണമെന്ന് തോന്നുമ്പോൾ പുതിയൊരു തുടക്കമാകാം എന്നും 22 വയസുകാരിയാണല്ലോയെന്നുള്ള കമൻ്റുകളും ഉണ്ട്. വ്യക്തമായ ഭാവി പദ്ധതികളില്ലാതെ ജോലി ഉപേക്ഷിക്കുന്നതിലെ വെല്ലുവിളികളാണ് ചിലർ ചൂണ്ടിക്കാട്ടിയത്. പ്രത്യേകിച്ച് നിലവിലെ പ്രതിസന്ധി കാലത്ത്.












Click it and Unblock the Notifications