'ഇന്ത്യ പീഡിപ്പിക്കുന്നു...'; ഐക്യരാഷ്ട്രസഭയില്‍ നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യത്തെ പ്രതിനിധി
ലൈംഗികാതിക്രമ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. പൊലീസും ഇന്റര്‍പോളും തിരയുന്നതിനിടെയാണ് നിത്യാനന്ദ രാജ്യം വിടുന്നത്

ജനീവ: ഐക്യരാഷ്ട്ര സഭയുടെ സി ഇ എസ് ആര്‍ യോഗത്തില്‍ പങ്കെടുത്ത് ലൈംഗികാതിക്രമ കേസ് പ്രതി നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യത്തെ പ്രതിനിധി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയെ പ്രതിനിധീകരിച്ച് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് യോഗത്തില്‍ പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത അധികാരിയായ കൈലാസയേയും നിത്യാനന്ദയേയും സംരക്ഷിക്കണം എന്നും വിജയപ്രിയ ആവശ്യപ്പെട്ടു.
രാജ്യത്ത് നിരവധി ആശ്രമങ്ങള്‍ നടത്തിയിരുന്ന നിത്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമവും പീഡനവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. 2019 ല്‍ ഗുജറാത്ത് പൊലീസ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം അന്വേഷിക്കുന്നതിനിടെ ആണ് ഇയാള്‍ രാജ്യം വിട്ടത്. പിന്നീട് കൈലാസം എന്ന പേരില്‍ പുതിയ രാജ്യം രൂപീകരിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു.

കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍
ഫെബ്രുവരി 22 ന് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള 19-ാമത് യുണൈറ്റഡ് നേഷന്‍സ് കമ്മിറ്റി യോഗത്തില്‍ ആണ് മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം വേണം എന്ന വിഷയത്തില്‍ നടന്ന യോഗത്തിലും വിജയപ്രിയ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോ പ്രകാരം വിജയപ്രിയയെ 'കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യ പീഡിപ്പിക്കുന്നു
നിത്യാനന്ദ സ്വന്തം മാതൃരാജ്യമായ ഇന്ത്യയില്‍ നിന്ന് നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നാണ് വിജയപ്രിയ യോഗത്തില്‍ പറഞ്ഞത്. കൈലാസം ഹിന്ദുമതത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രം ആണ് എന്നും നിത്യാനന്ദ ഈ രാജ്യത്ത് ഹിന്ദു നാഗരികതയെയും ആദി ശൈവ തദ്ദേശീയ കാര്‍ഷിക ഗോത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുമതത്തിന്റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

നിത്യാനന്ദയുടെ കൈലാസം എവിടെ
ഈ ഗോത്രങ്ങളുടെ നേതാവ് നിത്യാനന്ദയാണെന്നും വിജയപ്രിയ പറയുന്നു. അതേസമയം നിത്യാനന്ദ സ്ഥാപിച്ചത് എന്ന് അവകാശപ്പെടുന്ന രാജ്യം എവിടെയാണ് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ 'സാങ്കല്‍പ്പിക രാഷ്ട്രം' ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

സ്വന്തമായി റിസര്‍വ് ബാങ്ക്
സ്വന്തമായി റിസര്‍വ് ബാങ്കും സ്വര്‍ണത്തില്‍ നിര്‍മിച്ച കറന്‍സിയും തന്റെ രാജ്യത്ത് ഉണ്ട് എന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. കൈലാസിയന്‍ ഡോളര്‍ എന്ന് അറിയപ്പെടുന്ന കറന്‍സി 11.66 ഗ്രാമോളം സ്വര്‍ണത്തിലാണ് നിര്‍മിക്കുക എന്നായിരുന്നി ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയായ നിത്യാനന്ദയുടെ അവകാശവാദം.












Click it and Unblock the Notifications