മോദിയുടെ കാലിൽ തൊട്ട് വണങ്ങി നിതീഷ്; ബിജെപിക്ക് '4000' എംപിമാരുടെ പിന്തുണ ലഭിക്കുമെന്നും പ്രഖ്യാപനം
ന്യൂഡൽഹി: ബീഹാറിലെ നവാഡയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഏകദേശം 25 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ ബിജെപിയെ പുകഴ്ത്തിയ നിതീഷ് പാർട്ടിക്ക് 4000 എംപിമാരുടെ പിന്തുണ ലഭിക്കുമെന്നും പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543ൽ 400 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന ബിജെപി ലക്ഷ്യം സൂചിപ്പിച്ചു കൊണ്ടായിരുന്നു നിതീഷിന്റെ പ്രസംഗം.
ഇതിന് പിന്നാലെ നിതീഷ് കുമാറിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ മോദിക്ക് 4000 എംപിമാരുടെ പിന്തുണ നൽകും, നിങ്ങൾ ഉറപ്പായും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ സഖ്യത്തിൽ നിന്ന് എൻഡിഎ മുന്നണിയിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് നിതീഷ് ബിജെപിയെയും മോദിയെയും പൊതുവേദിയിൽ പുകഴ്ത്തി രംഗത്ത് വരുന്നത്.

നിതീഷ് കുമാറിന്റെ പ്രസംഗം ഏറെനേരം നീണ്ടതോടെ സദസിൽ ഉള്ളവരെല്ലാം അക്ഷമരായിരുന്നു. എന്നാൽ സാവധാനം എഴുന്നേറ്റ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗം മികച്ചതായിരുന്നുവെന്നും തനിക്ക് പറയാനായി ഒന്നും ബാക്കി വെച്ചില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ നിതീഷിന്റെ പ്രാംഗത്തിനിടെ ബിജു ജനതാദൾ നേതാവ് വിജയ് കുമാർ ചൗധരി വാച്ച് നോക്കുന്നതും നിതീഷിനോട് രഹസ്യമായി പ്രസംഗം അവസാനിപ്പിക്കാൻ പറയുന്നതും കാണാമായിരുന്നു.
സീറ്റ് വിഭജന ചർച്ചകൾ അവസാനിച്ചതോടെ നിതീഷ് കുമാർ കൂടുതൽ ചർച്ചകൾക്ക് എത്തേണ്ടെന്നതാണ് ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പലതവണയാണ് തന്റെ മോശം പരാമർശങ്ങളിലൂടെയും നാക്കുപിഴകളിലൂടെയും നിതീഷ് കുമാർ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതെന്ന് ഓർക്കണം.
നേരത്ത സ്ത്രീകളുടെ ഗർഭധാരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളും അതിനെ വിദ്യാഭ്യാസവുമായി ബന്ധിപ്പിച്ചതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കൂടാതെ കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദർബാർ സെഷനിടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ കുറിച്ച് ഒരാൾ പരാതി ഉന്നയിച്ചപ്പോൾ ആഭ്യന്തര മന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെടാൻ നിതീഷ് കുമാർ പറഞ്ഞത് വിവാദമായിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തത് നിതീഷ് കുമാർ തന്നെയാണ് എന്നതായിരുന്നു വിരോധാഭാസം.
അതേസമയം, ബീഹാറിൽ എൻഡിഎ മുന്നണിയുടെ ഭാഗമായാണ് നിതീഷ് കുമാർ ജനവിധി തേടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിലെ ആവേശം സഖ്യത്തിന് ഇപ്പോൾ കാണാനില്ലെന്നതാണ് സംസ്ഥാനത്തെ ആകെ തുക. കഴിഞ്ഞ കാലങ്ങളിലെ നിതീഷിന്റെ മോശം പ്രതിച്ഛായ ബിജെപിയെ കൂടി ബാധിക്കുമോ എന്നാണ് ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ആശങ്ക. ഇതിനോട് ഇന്നത്തെ സംഭവ വികാസം കൂടി കൂട്ടി വായിക്കുമ്പോൾ ആശങ്കയ്ക്ക് വകയുണ്ടെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications