ബിഹാറിൽ ചടുല നീക്കങ്ങൾ; ബിജെപിയുമായി വീണ്ടും കൈകോർക്കാൻ നീതീഷ് കുമാർ..സത്യപ്രതിജ്ഞ ഞായറാഴ്ച
പാട്ന: ബിജെപിയ്ക്കൊപ്പം വീണ്ടും കൈകോർക്കാൻ ഒരുങ്ങി ജെഡിയു നേതാവ് നിതീഷ്. ബിജെപി പിന്തുണയോടെ ഞായറാഴ്ച നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ മഹാസഖ്യ സർക്കാരിനെ പിരിച്ചുവിട്ടേക്കും. ദിവസങ്ങളായുള്ള രാഷ്ട്രീയ നാടകങ്ങൾക്കാണ് ഇതോടെ തിരശീല വീഴുന്നത്.
ബിജെപി ദേശീയ നേതൃത്വമാണ് നിതീഷുമായുളള സഖ്യ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി, സുശീൽ മോദി, വിജയ് കുമാർ സിൻഹ എന്നിവരുമായി ഡൽഹിയിൽ വെച്ച് ഇത് സംബന്ധിച്ച് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. നിതീഷിനൊപ്പം കൈകോർക്കുമോയെന്ന ചോദ്യത്തോട് അടഞ്ഞവാതിലുകള്‍ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നുമാണ് സുശീൽ മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ജെ ഡി യുവും സഖ്യകക്ഷിയായ ആർ ജെ ഡിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതിനിടയിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കറുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെ അദ്ദേഹം സഖ്യം വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. നിതീഷ് മടങ്ങി വരാൻ തയ്യാറാണെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് അമിത് ഷായും പ്രതികരിച്ചിരുന്നു.
ഇതിനിടെ ജെഡിയുവിന്റെ കർപ്പൂരി ഠാക്കൂർ അനുസ്മരണത്തിൽ വെച്ച് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ചും നിതീഷ് കുമാർ രംഗത്തെത്തി. കർപൂരി ഠാക്കൂറിനു ഭാരതരത്ന ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താൻ യു പി എ സർക്കാരിന് കത്തെഴുതിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ഇപ്പോൾ അദ്ദേഹത്തിന് ഭാരത് രത്ന നൽകാൻ തയ്യാറായ കേന്ദ്ര സർക്കാരിന് നന്ദി എന്നുമായിരുന്നു നിതീഷ് പ്രതികരിച്ചത്. മാത്രമല്ല ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ലക്ഷ്യം വെച്ച് കുടുംബാധിപത്യത്തിനെതിരേയും ലാലു തുറന്നടിച്ചു. കുടംബാംഗങ്ങളെ രാഷ്ട്രീയത്തിൽ വളർത്താൻ താൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നായിരുന്നു നിതീഷ് പറഞ്ഞത്.
അതേസമയം നിതീഷിന്റെ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രംഗത്തെത്തിയതും സഖ്യത്തിൽ അതൃപ്തിക്ക് കാരണമായി. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നുള്ള രോഹിണിയുടെ എക്സിലെ കുറിപ്പായിരുന്നു വിവാദമായത്. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും ബി ജെ പി ഉൾപ്പെടെ വിഷയം ഏറ്റുപിടിച്ചു. നിതീഷിനെ അവഹേളിക്കുന്ന നടപടിയെന്നായിരുന്നു ബി ജെ പി നേതാക്കൾ പ്രതികരിച്ചത്.
അതേസമയം ആർ ജെ ഡിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ നിതീഷ് തയ്യാറാകാത്തതും സഖ്യം അവസാനിപ്പിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തേജസ്വി യാദവിനായി മുഖ്യമന്ത്രി പദം വിട്ടുകൊടുക്കണം എന്നായിരുന്നു ധാരണ ഉണ്ടാക്കിയത്. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനത്തിലും നിതീഷ് അതൃപ്തിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 17 സീറ്റുകൾ തങ്ങൾക്ക് വേണമെന്നായിരുന്നു ജെ ഡി യു അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ആർജെഡി തയ്യാറായിരുന്നില്ല.












Click it and Unblock the Notifications