ഗുസ്തി ഫെഡറേഷനില്‍ പരാതി സെല്‍ പോലുമില്ല, നിയമവിരുദ്ധം; ചൂണ്ടിക്കാണിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജ്
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് മുന്‍ സുപ്രീം കോടതി ജഡ്ജ് മദന്‍ ബി ലോകുര്‍. ഡല്‍ഹി പോലീസ് കേസ് കൈകാര്യം ചെയ്ത വിധം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ എടുത്തിട്ടും, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതും, അതേസമയം ഗുസ്തി താരങ്ങളോടുള്ള പോലീസിന്റെ സമീപനവും ശരിയല്ലെന്നും ലോകുര്‍ പറഞ്ഞു.
പീഡനത്തിനിരയായ ഇരകളെ വീണ്ടും ഇരയാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഗുസ്തി താരങ്ങള്‍ സമ്മര്‍ദത്തിലാണെന്ന് പറഞ്ഞിട്ടും, ഡല്‍ഹി പോലീസ് കേസിന്റെ ഗൗരവം കുറച്ചാണ് കണ്ടതെന്നും ലോകുര്‍ ചൂണ്ടിക്കാണിച്ചു.

ബ്രിജ് ഭൂഷനെതിരെ നടപടിയൊന്നും എടുക്കില്ലെന്ന് മനസ്സിലാക്കിയാണ് ഗുസ്തി താരങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയത്. അവര്‍ അത്തരമൊരു പ്രതിഷേധത്തിന് നിര്‍ബന്ധിതരായി തീരുകയായിരുന്നു. ഡല്‍ഹി പോലീസ് ഈ കേസിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല. നടപടിക്രമങ്ങള്‍ അവര്‍ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു.
ജനുവരിയില്‍ പ്രതിഷേധം ആരംഭിച്ചപ്പോള്‍ ഒരിക്കലും ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്ദറില്‍ പോയി പ്രതിഷേധിക്കേണ്ടി വരുമെന്ന് കരുതി കാണില്ല. പക്ഷേ ബ്രിജ് ഭൂഷന്റെ ലൈംഗിക പീഡനങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ടാവാം. തുടര്‍ന്നായിരിക്കാം ഇവര്‍ പരാതി നല്‍കിയത്. പക്ഷേ ഗുസ്തി സംഘടനയില്‍ സ്ത്രീകള്‍ക്ക് അടക്കം പരാതി പറയാനുള്ള കമ്മിറ്റി പോലും ഇല്ലെന്ന് ലോകൂര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന സംഘടനയില്‍ സ്ത്രീകള്‍, ലൈംഗിക പീഡന പരാതി അടക്കം പറയാനുള്ള കമ്മിറ്റി ഇല്ലാത്തത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് ലോകുര്‍ ചൂണ്ടിക്കാണിച്ചു. ഗുസ്തി താരങ്ങള്‍ നേരത്തെ പരാതികള്‍ പറഞ്ഞിട്ടുണ്ടാവാം. എന്നാല്‍ സംഘടനയില്‍ അത്തരമൊരു സംവിധാനമേ ഇല്ല. അതുകൊണ്ടായിരിക്കാം പോലീസിന് പരാതി നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.
ഗുസ്തി താരങ്ങള്‍ക്ക് ഭീഷണി ധാരാളം നേരിടുന്നുണ്ട്. സുപ്രീം കോടതി ഇവര്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന് നേരത്തെ പറഞ്ഞതാണ്. മെയ് 28ന് വളരെ മോശം കാര്യങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഇവര്‍ പ്രതിഷേധിച്ചപ്പോള്‍ ക്രിമിനലുകള്‍ എന്ന് മുദ്ര കുത്തപ്പെടുവെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു.
സുപ്രീം കോടതി അഭിഭാഷകനായ ബ്രിന്ദ ഗ്രോവറും ഗുസ്തി താരങ്ങളെ പിന്തുണച്ചു. താരങ്ങളുടെ കേസില്‍ വലിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ഉന്നയിച്ചു. സംഘടനയിലെ പരാതി കേള്‍ക്കാന്‍ സംഘടന ഉണ്ടാവണമെന്നത് നിയമം അനുശാസിക്കുന്ന കാര്യമാണ്. കമ്മിറ്റിയില്‍ പരാതി സെല്‍ ഇല്ലാത്തത് നിയമവിരുദ്ധമാണ്.
കോടതി ഈ കേസിനെ വ്യത്യസ്തമായ വീക്ഷണ കോണില്‍ നിന്ന് കാണണം. കാരണം അന്വേഷണ ഏജന്‍സികള്‍ വഴിത്തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സ്ത്രീകളാരും പീഡന പരാതികള്‍, ശക്തരായ ആളുകള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ബ്രിന്ദ ഗ്രോവര്‍ പറഞ്ഞു.












Click it and Unblock the Notifications