'ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല'; ബോംബെ ഹൈക്കോടതി മുറിയില്‍ രാജി പ്രഖ്യാപിച്ച് ജഡ്ജി
മുംബൈ: വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോടതിമുറിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് ദിയോ. വെള്ളിയാഴ്ചയാണ് കോടതി ജീവനക്കാരെയും അഭിഭാഷകരെയും ഞെട്ടിച്ചുകൊണ്ട് ജഡ്ജി രാജി പ്രഖ്യാപിച്ചത്. തന്റെ രാജി വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണെന്നാണ് അദ്ദേഹം പറയുന്നത്.
നാഗ്പൂരിലെ തന്റെ കോടതിമുറിയില്‍ രാജി പ്രഖ്യാപനം നടത്തിയ ജസ്റ്റിസ് ഡിയോ, ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് പറഞ്ഞു. രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് അദ്ദേഹം ഇന്ന് പരിഗണിക്കേണ്ടിയിരുന്ന കേസുകള്‍ മാറ്റിവച്ചു.

'ഇന്ന് ഈ കോടതി മുറിയില്‍ എത്തിയവരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങള്‍ മെച്ചപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ ശകാരിച്ചത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം, നിങ്ങള്‍ എല്ലാവരും എനിക്ക് എന്റെ കുടുംബത്തെ പോലെയാണ്. എന്റെ രാജി വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്. എനിക്ക് എന്റെ ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല'- രാജി പ്രഖ്യാപനത്തോടൊപ്പം ജസ്റ്റിസ് രോഹിത് ദിയോ പറഞ്ഞു.
താന്‍ വ്യക്തിപരമായ ചില കാരണങ്ങളെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്നാണ് ജഡ്ജി മാധ്യമങ്ങളോട് പറഞ്ഞത്. രാജിക്കത്ത് രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ജസ്റ്റിസ് ഡിയോ കുറ്റവിമുക്തനാക്കിയിരുന്നു. അദ്ദേഹത്തിന് ലഭിച്ച ജീവപര്യന്തം തടവ് മാറ്റി, വിചാരണ നടപടികള്‍ അസാധുവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പിന്നീട് സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. 2017 ജൂണില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ദിയോയ്ക്ക് 2025 ഡിസംബര്‍ വരെ കാലാവധിയുണ്ട്. അതിനുമുമ്പ് 2016 വരെ മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറലായിരുന്നു.












Click it and Unblock the Notifications