ബിഹാറിലെ കോപ്പിയടി ചിത്രം; പ്രതിഫലമായി ലഭിച്ചത് 50 രൂപ
പട്‌ന: ഒരു പക്ഷേ ഒരു പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫറായിരുന്നെങ്കില്‍ വന്‍ തുക പ്രതിഫലം ലഭിക്കുമായിരുന്ന ചിത്രത്തിന് ലഭിച്ചത് വെറും 50 രൂപ. ബിഹാറിലെ എസ്എസ്എല്‍സി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ബന്ധുക്കള്‍ കോപ്പിയടിക്കാന്‍ സഹായിക്കുന്ന ചിത്രത്തിനാണ് ഇത്രയും തുക പ്രതിഫലമായി ലഭിച്ചത്. ബിഹാറിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ ലോക്കല്‍ എഡീഷനില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ രാജേഷ് കുമാര്‍ ആണ് ചിത്രത്തിന്റെ പിതാവ്.
ബിഹാറില്‍ പരീക്ഷ ക്രമക്കേടുകള്‍ വലിയ വാര്‍ത്തയല്ലാത്തതുകൊണ്ടുതന്നെ ചിത്രം ഇത്രയും പോപ്പുലറാകുമെന്ന് രാജേഷ് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ നാലു നിലകളുള്ള സ്‌കൂളിന്റെ എല്ലാ ജനലുകളിലും ബന്ധുക്കള്‍ തൂങ്ങിപ്പിടിച്ചിരിക്കുന്ന ചിത്രം രാജ്യത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇത്രയും പരസ്യമായി പരീക്ഷ അട്ടിമറിക്കപ്പെടുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് അചിന്ത്യമായിരുന്നു.

വൈശാലിയിലെ മനാര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തില്‍ നിന്നാണ് രാജേഷ് കുമാര്‍ ചിത്രം പകര്‍ത്തിയത്. പതിവുപോലെ 50 രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. വാര്‍ത്തവന്നതാകട്ടെ ലോക്കല്‍ പേജിലും. എന്നാല്‍ ചിത്രം വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റു ദേശീയ പത്രങ്ങളിലൂടെയും ചിത്രം പ്രചരിക്കപ്പെടുകയായിരുന്നു.
അതേസമയം, തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും ചിത്രത്തിലൂടെ പരീക്ഷ ക്രമക്കേട് ലോകം അറിഞ്ഞ സന്തോഷത്തിലാണ് രാജേഷ്. സംഭവം പുറത്തറിഞ്ഞതോടെ പരീക്ഷ ക്രമക്കേടിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. 15 ലക്ഷം രൂപയാണ് ക്രമക്കേടില്‍ പിടിയിലായവരില്‍ നിന്നും പിഴയായി ഈടാക്കിയത്. ആയിരത്തോളം കുട്ടികളുടെ പരീക്ഷകളും റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications