ചരിത്രം എത്രയൊക്കെ വളച്ചൊടിച്ചാലും നെഹ്റുവിന്റെ സംഭാവനകളെ ജനം എന്നും ഓർക്കും; ചിദംബരം
ദില്ലി; ജവഹർലാൽ നെഹ്‌റു വിചാരിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗോവയെ സ്വതന്ത്രമാക്കാൻ സാധിക്കുമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ കേന്ദ്രമന്ത്രിയും ഗോവയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മോദി ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ഗോവയെ സ്വതന്ത്രമാക്കാൻ ശരിയായ സമയത്ത് തന്നെ നെഹ്റു ഇടപെട്ടിരുന്നുവെന്നും ചിദംബരം പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ലോക ചരിത്രം മോദിക്കും ഷായ്ക്കും അറിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, പ്രത്യേകിച്ച് 1947-1960 കാലഘട്ടത്തിന്റെ ചരിത്രവും അവർക്കറിയില്ല.ഗോവയെ മോചിപ്പിക്കാൻ ശരിയായ സമയത്ത് നെഹ്‌റു ഇടപെട്ടുവെന്നും അതിനാലാണ് സൈനിക നടപടിക്കെതിരെ ഒരു ശബ്ദം പോലും ഉയരാതിരുന്നതെന്നും ചിദംബരം പറഞ്ഞു. തങ്ങളുടെ ഭാവി തിരുമാനിക്കാൻ അവരിൽ നിന്നും നെഹ്റു അഭിപ്രായം തേടി. മോദിയും ഷായും എന്ത് പറഞ്ഞാലും, ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചാലും, ഗോവയിലെ ജനങ്ങൾ നെഹ്‌റുവിന്റെ മഹത്തായ സംഭാവനകളെ എന്നും ഓർക്കും, ചിദംബരം പറഞ്ഞു.

ഗോവയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമർശം. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തന്നെ ഗോവയ്ക്കും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. എന്നാൽ പോർച്ചുഗീസ് ഭരണത്തിൽനിന്നും മുക്തരാകാൻ 15 വർഷം കാത്തിരിക്കേണ്ടി വന്നു. ഗോവയെ ശത്രുക്കളെപ്പോലെയാണ് കോൺഗ്രസ് കാണുന്നന്നുമായിരുന്നു മോദിയുടെ വാക്കുകൾ.

അതിനിടെ എം എൽ എമാരെ അടർത്തിയെടുക്കുന്ന ബി ജെ പി നീക്കങ്ങളേയും ചിദംബരം രൂക്ഷമായി വിമർശിച്ചു. ഇത്തവണ ഒരു എം എൽ എയെ പോലും ബി ജെ പിക്ക് കൂറുമാറ്റാൻ സാധിക്കില്ലെന്ന് ചിദംബരം പറഞ്ഞു.
'വിടീന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കള്ളൻ പുറത്തുണ്ടെന്ന് നമ്മുക്ക് നന്നായി അറിയാം. പക്ഷേ ജനം ഇത്തവണ അവരെ പാഠം പഠിപ്പിക്കും. ജനങ്ങളോടുള്ള ഞങ്ങളുടെ അഭ്യർത്ഥന കോൺഗ്രസ്-ജി എഫ് പി സഖ്യത്തെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ്',ചിദംബരം പറഞ്ഞു. .

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ പാർട്ടിക്ക് നേടാൻ സാധിച്ചു. ബി ജെ പിക്ക് ലഭിച്ചത് 15 സീറ്റുകളായിരുന്നു. എന്നാൽ അവസാന നിമിഷത്തെ ബി ജെ പി നീക്കം ഗോവയിൽ അധികാരത്തിലേറാമെന്ന കോൺഗ്രസ് മോഹം അസ്ഥാനത്താക്കി പ്രാദേശിക കക്ഷികളെ കൂട്ട് പിടിച്ച് ബി ജെ പി ഭരണം പിടിച്ചു. തൊട്ട് പിന്നാലെ 10 കോൺഗ്രസ് എം എൽ എമാരെയാണ് ബി ജെ പി തങ്ങളുടെ പക്ഷത്ത് എത്തിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14 എം കോൺഗ്രസ് എം എൽ എമാരേയും മറുകണ്ടം ചാടിക്കാൻ ബി ജെ പിക്ക് സാധിച്ചു. നിലവിൽ കോൺഗ്രസിന് 3 എം എൽ എമാരാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്.
അതേസമയം 2017 ആവർത്തിക്കാതിരിക്കാൻ കൂറുമാറില്ലെന്ന് ഇതിനോടകം തന്നെ നേതാക്കളെ കൊണ്ട് കോൺഗ്രസ് നേതൃത്വം പ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ട്. ആരാധനലയങ്ങളിൽ വെച്ചാണ് എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും സംസ്ഥാനത്തെ ജനങ്ങളോടും പാർട്ടിയോടും കൂറ് പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Recommended Video

അതേസമയം ഇത്തവണയും സംസ്ഥാനത്ത് കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടം എന്നും ചിദംബരം പറഞ്ഞു. ബിജെപിയുടെ 10 വർഷത്തെ ദുർഭരണത്തിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എന്നാണ് താൻ കണക്കാക്കുന്നത്, അദ്ദേഹം പറഞ്ഞു. ആം ആദ്മിയുടേയും തൃണമൂൽ പാർട്ടിയുടേയും സാന്നിധ്യം വോട്ട് ഭിന്നിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം വിമർശിച്ചു.












Click it and Unblock the Notifications