ദേശവ്യാപക എന്‍ആര്‍സി; ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം, സിഎഎ ചട്ടങ്ങള്‍ വൈകുന്നു
ന്യൂഡല്‍ഹി: ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയിരുന്നു. എന്‍ആര്‍സിയില്‍ ഉള്‍ക്കൊള്ളുന്നവരുടെയും അല്ലാത്തവരുടെയും പട്ടിക സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ രാജ്യത്ത് മൊത്തമായി പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്. ഇതിന്റെ നിയമാവലികള്‍ തയ്യാറാക്കിയിട്ടില്ല. തയ്യാറാക്കുന്നത് മുതല്‍ സിഎഎ പ്രകാരമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിഎഎയുടെ ചട്ടങ്ങള്‍ എന്ന് നിലവില്‍ വരുമെന്ന ചോദ്യത്തിന് കൃത്യമായ തിയ്യതി മന്ത്രാലയം പറഞ്ഞില്ല. 13383718 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 4177 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍ എംപിയാണ് എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ചോദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത്. 111287 ഇന്ത്യക്കാര്‍ ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. എന്‍ആര്‍സി അസമിലാണ് നടപ്പാക്കിയിട്ടുള്ളത്. അസമിലെ എന്‍ആര്‍സി കോഓഡിനേറ്റര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലെ എന്‍ആര്‍സി കരട് പട്ടിക വീണ്ടും പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ലെ എന്‍ആര്‍സി പട്ടിക പ്രകാരം അസമിലുള്ള 19 ലക്ഷം പേര്‍ ഇന്ത്യയില്‍ താമസിക്കാന്‍ അയോഗ്യരാണ്. ഇതില്‍ 7 ലക്ഷം മുസ്ലിങ്ങളും ബാക്കി ഹിന്ദുക്കളും മറ്റു സമുദായത്തില്‍ നിന്നുള്ളവരുമാണ്.
സിഎഎ പാസാക്കിയിട്ടുണ്ടെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തത് അതുപ്രകാരമുള്ള അപേക്ഷകര്‍ സ്വീകരിക്കുന്നതിന് തടസമാണ്. കഴിഞ്ഞ ജൂലൈയില്‍ ആറ് മാസം കൂടി സമയം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അടുത്ത ജനുവരി ഒമ്പതിന് അവസാനിക്കും. ഇത് അഞ്ചാം തവണയാണ് ആഭ്യന്തര മന്ത്രാലയം സമയം നീട്ടി ചോദിക്കുന്നത്. നിയമം പാസാക്കിയാല്‍ ആറ് മാസത്തിനകം ചട്ടങ്ങള്‍ തയ്യാറാക്കണമെന്നാണ് നിബന്ധന. അല്ലെങ്കില്‍ പ്രസിഡന്റില്‍ നിന്ന് കൂടുതല്‍ സമയം ആവശ്യപ്പെടാം. രാജ്യത്ത് കൊവിഡ് വ്യാപിച്ചതാണ് ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകാന്‍ കാരണം. കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications