അതിർത്തി പ്രശ്നത്തിൽ ഫലം കാണാതെ ഇന്ത്യ-ചൈന പതിനാലാം വട്ട ചര്‍ച്ച, ചർച്ചകൾ തുടരും
ദില്ലി: അതിര്‍ത്തി തര്‍ക്ക പ്രശ്‌ന പരിഹാരത്തിന് വേണ്ടിയുളള ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ-ചൈന തീരുമാനം. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തലത്തില്‍ നടന്ന പതിനാലാം വട്ട ചര്‍ച്ചയിലും ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ തുടരാനുളള ധാരണ. വൈകാതെ തന്നെ അടുത്ത കമാന്‍ഡര്‍തല ചര്‍ച്ച നടക്കുമെന്ന് ഇന്ത്യയും ചൈനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം അതിര്‍ത്തി വിഷയത്തില്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. തുറന്നതും ആഴത്തിലുളളതുമായ ചര്‍ച്ചയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയത് എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇരുരാജ്യങ്ങളും അടുത്ത ബന്ധം തുടരാനും സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഉളള ചര്‍ച്ചകള്‍ തുടരാനും ഏറ്റവും വേഗത്തില്‍ തന്നെ ഇരുവിഭാഗത്തിനും സ്വീകാര്യമായ പ്രശ്‌നപരിഹാരം കണ്ടെത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. അടുത്ത വട്ട കമാന്‍ഡര്‍തല ചര്‍ച്ചതില്‍ വൈകാതെ ആരംഭിക്കാനും തീരുമാനിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ചുസൂള്‍-മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചായിരുന്നു ബുധനാഴ്ച പതിനാലാം വട്ട കമാന്‍ഡര്‍തല ചര്‍ച്ച നടന്നത്. ലഫ്റ്റനന്‍ഡ് ജനറല്‍ അനിന്ദ്യ സെന്‍ഗുപ്തയാണ് ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്. പ്രതിരോധ വകുപ്പിലേയും വിദേശകാര്യ മന്ത്രാലയത്തിലേയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
മേജര്‍ ജനറല്‍ യാംഗ് ലിന്‍ ആണ് ചൈനീസ് സംഘത്തെ നയിച്ചത്. ഒക്ടോബറില്‍ ആയിരുന്നു ഇതിന് മുന്‍പ് ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയുടെ അവസാനം സുഖകരമായിരുന്നില്ല. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവ പുറത്തിറക്കാന്‍ തയ്യാറായില്ല. മറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ ആണ് ഇരുരാജ്യങ്ങളും പുറത്തിറക്കിയത്. ചര്‍ച്ചകളുടെ ഫലമായി 2020 ജൂണില്‍ ഇരുരാജ്യങ്ങളും ഗാല്‍വാന്‍ താഴ്വരയില്‍ നിന്നും സൈനിക പിന്മാറ്റം നടത്തിയിരുന്നു. പാംഗോഗ് സോ തടാകത്തിന്റെ തെക്ക്-വടക്ക് കരകളില്‍ നിന്നും കൈലാസ മലനിരകളില്‍ നിന്നും 2021 ഫെബ്രുവരിയിലും ഗോഗ്ര പോസ്റ്റിലെ പിപി17എയില്‍ നിന്ന് ആഗസ്റ്റിലും ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം നടത്തുകയുണ്ടായി.












Click it and Unblock the Notifications