ഹിമാചലിൽ മൂന്നാമതൊരു പാർട്ടിക്ക് റോളില്ല; ആം ആദ്മിയെ തള്ളി കോൺഗ്രസ്
ദില്ലി; ഹിമാചൽ പ്രദേശിൽ മൂന്നാം പാർട്ടിക്ക് റോൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി. പരമ്പരാഗത എതിരാളികളായ ബി ജെ പിക്കും കോൺഗ്രസിനും മാത്രമാണ് സംസ്ഥാനത്ത് സ്ഥാനമുള്ളൂവെന്നും മാധ്യമ പ്രവർത്തകരോട് അഗ്നിഹോത്രി പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആം ആദ്മിയുടെ വരവോടെ ആദ്യമായി ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഗ്നിഹോത്രിയുടെ പ്രതികരണം.

ബി ജെ പിയുടെ പരാജയം ഉറപ്പാക്കണമെങ്കിൽ കോൺഗ്രസ് അടിത്തട്ടിൽ നിന്നും പ്രവർത്തനങ്ങൾ തുടങ്ങണം. ബി ജെ പിക്ക് നേരത്തേ തന്നെ പരാജയം മണത്തിരുന്നു. എന്നാൽ ആം ആദ്മിയുടെ വരവോടെ ബി ജെ പി ക്യാമ്പ് പ്രതീക്ഷയിലാണ്. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും അധികാരത്തിൽ തുടരാനും ഒരു മൂന്നാം രാഷ്ട്രീയ പാർട്ടിയുടെ സ്വാധീനം സഹായിക്കുമെന്ന് അവർ കരുതുന്നുണ്ടെന്ന് അഗ്നിഹോത്രി പറഞ്ഞു.
മാണ്ഡി ജില്ലയിൽ മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ വിമാനത്താവളം ദയനീയമായി പരാജയപ്പെട്ടു. ഉന-ഹാമിർപൂർ റെയിൽ പാത എന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മറ്റൊരു സ്വപ്ന പദ്ധതിയും ഇതേ വിധി നേരിട്ടു. മുഖ്യമന്ത്രിക്ക് ഹെലികോപ്ടറുകൾക്ക് പുറമെ, ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും വിലകൂടിയ കാറുകൾ വാങ്ങുന്നത് പോലെയുള്ള പാഴ്ച്ചെലവുകൾ, സാമ്പത്തിക സുതാര്യതയില്ലായ്മ, ദുർബ്ബലമായ ഗവൺമെന്റിനെ മുൻനിർത്തി ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥത, ഇതെല്ലാം ബി ജെ പിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ആം ആദ്മി ഒരിക്കലും ഹിമാചലിൽ ബി ജെ പിക്ക് വെല്ലുവിളിയാകില്ലെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂറും പ്രതികരിച്ചു. ആം ആദ്മി പാർട്ടിക്ക് (എഎപി) സംസ്ഥാനത്ത് വ്യക്തമായ സാന്നിധ്യമില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ മൂന്നാമതൊരു പാർട്ടിയെ ജനം തിരഞ്ഞെടുത്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു.
ഏത് പാർട്ടിയേയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വാഗതം ചെയ്യുകയാണ്, ഇത് രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശമാണ്. എന്നാൽ ബി ജെ പിക്ക് വെല്ലുവിളി ഉയർത്താൻ പാകത്തിലുള്ള സ്വാധീനമൊന്നും ആം ആദ്മിക്ക് ഇല്ലെന്നും താക്കൂർ പറഞ്ഞു. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും നേടിയത് പോലൊരു വിജയം ഹിമാചൽപ്രദേശിൽ ബി ജെ പി നേടും, താക്കൂർ പറഞ്ഞു. കോൺഗ്രസ് ഭരണ കാലയളവിനിടയിൽ സംസ്ഥാനത്ത് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വികസന പദ്ധതി പോലും ഉണ്ടായിട്ടില്ലെന്നും താക്കൂർ കുറ്റപ്പെടുത്തി. കോൺഗ്രസ് ആദ്യം അവരുടെ കഴിഞ്ഞ ഭരണകാലത്തെ നേട്ടങ്ങൾ പട്ടികപ്പെടുത്തണം, എന്നിട്ട് ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ ചോദിക്കാൻ ഇറങ്ങട്ടേയെന്നും താക്കൂർ പറഞ്ഞു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ഭരണത്തിലേറിയത്. കോമ്‍ഗ്രസിന് 21 സീറ്റുകളായിരുന്നു ലഭിച്ചത്. സംസ്ഥാനത്ത് ഭരണതുടർച്ചയെന്ന് ബി ജെ പി അവകാശപ്പെടുമ്പോഴും ഇക്കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയമാണ് ബി ജെ പി ക്യാമ്പുകളെ പ്രതിസന്ധിയിലാക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഒരു ലോകസഭ സീറ്റും 3 നിയമസഭ സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. മാണ്ഡി ലോക്‌സഭാ സീറ്റിന് പുറമെ ഫത്തേപൂർ, അർക്കി, ജുബ്ബൽ-കോട്ഖായ് എന്നീ നിയമസഭാ സീറ്റുകളിലാണ് ബി ജെ പി പരാജയം രുചിച്ചത്.
അതേസമയം ഭരണ വിരുദ്ധ വികാരം ആയുധമാക്കി ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഹിമാചലിൽ ഇക്കുറി മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ 68 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications