ഗ്യാന്‍വാപി പള്ളി നിലവറയിലെ പൂജയ്ക്ക് സ്‌റ്റേ ഇല്ല; മുസ്ലീം വിഭാഗത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിലെ ഹിന്ദു വിഭാഗത്തിന്റെ പ്രാർത്ഥനകൾ നിർത്തിവയ്ക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. മസ്‌ജിദ് പരിസരത്ത് ഹിന്ദുക്കൾ നടത്തുന്ന മതപരമായ ആചാരങ്ങൾ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുസ്ലീം വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
മുസ്ലീങ്ങൾക്ക് വടക്ക് വശത്ത് നിന്ന് നമസ്‌കരിക്കാൻ തടസ്സമില്ലാതെ പള്ളിയിൽ പ്രവേശിക്കാമെന്നും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്‌റ്റിലെ പുരോഹിതന്മാർക്ക് നിലവറയിൽ പൂജ നടത്താൻ തെക്കൻ പ്രവേശന കവാടം ഉപയോഗിക്കാമെന്നും ബെഞ്ച് അറിയിച്ചു. എന്നാൽ ഹർജിയിൽ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്‌റ്റിമാരിൽ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയായ 'വ്യാസ് തെഹ്ഖാന'യിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ തള്ളാനുള്ള ഹൈക്കോടതി വിധിക്കെതിരെ അഞ്ജുമാൻ ഇൻസാമിയ മസ്‌ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുസ്ലീങ്ങൾ നമസ്‌കരിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജനുവരി 17, ജനുവരി 31 തീയതികളിലെ ഉത്തരവുകൾക്ക് ശേഷവും മുസ്ലീം സമുദായം തടസമില്ലാതെ ഗ്യാൻവാപി പള്ളിയിൽ പ്രാർത്ഥന നടത്തുന്നതും ഹിന്ദു പുരോഹിതർ 'പൂജ' അർപ്പിക്കുന്നത് 'തെഹ്ഖാന' മേഖലയിൽ പരിമിതപ്പെടുത്തിയെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങാൻ രണ്ട് സമുദായങ്ങളെയും പ്രാപ്‌തരാക്കുന്നതിന് നിലവിലെ സ്ഥിതി നിലനിർത്തുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മസ്‌ജിദിന്റെ തെക്കൻ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് ഗ്യാൻവാപി മസ്‌ജിദ് മാനേജ്മെൻ്റ് കമ്മിറ്റി സമർപ്പിച്ച പുതിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മസ്‌ജി കമ്മിറ്റിയുടെ ആവശ്യപ്രകാരം പുരോഹിതൻ ശൈലേന്ദ്ര കുമാർ പഥക് വ്യാസിൽ നിന്ന് ഏപ്രിൽ 30നകം തേടുകയും ചെയ്‌തിട്ടുണ്ട് . വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്ന പള്ളി കമ്മിറ്റിയുടെ ഹർജിയാണ് ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിച്ചത്.












Click it and Unblock the Notifications