'ഉത്തര്‍പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകൾ': രാഹുൽ ഗാന്ധി
ദില്ലി: ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണെന്ന് രാഹുല്‍ ഗാന്ധി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്താന്‍ ആളുകളെ ഈ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാക്കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് കോടീശ്വരന്മാര്‍ക്ക് വേണ്ടി മാത്രമാണെന്നും അവര്‍ തൊഴില്‍ നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Recommended Video
അമേഠിയിലെ കാളി മൈദാനില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഏറെക്കാലം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കോട്ട ആയിരുന്ന മണ്ഡലമാണ് അമേഠി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആയിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠി കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ചാണ് പങ്കെടുത്തത്.

തങ്ങളുടെ സ്വന്തം നന്മയ്ക്കും കുട്ടികളും നന്മയ്ക്കും വേണ്ടി വോട്ടവകാശം ഉപയോഗിക്കണമെന്ന് ആളുകളോട് രാഹുലും പ്രിയങ്കയും ആഹ്വാനം ചെയ്തു. ജാതിയുടേയും മതത്തിന്റെയും പേരിലുളള വൈകാരികതയാവരുത് വോട്ട് ചെയ്യുന്നതിനുളള മാനദണ്ഡമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കാനുളളത് യുപിയിലുണ്ട്. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ജോലി തേടി നിങ്ങള്‍ക്ക് പഞ്ചാബിലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും പോകേണ്ടി വരുന്നു. എന്തുകൊണ്ടാണ് ഇവിടെ നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തത്, രാഹുല്‍ ഗാന്ധി ചോദിച്ചു.
നാല് വര്‍ഷക്കാലം നിങ്ങള്‍ സമാജ്വാദി പാര്‍ട്ടിയേയും ബിജെപിയേയും ബിഎസ്പിയേയും തിരഞ്ഞെടുത്തു. ഓരോരുത്തരായി നിങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി. നിങ്ങളില്‍ നിന്നും പണം കൊള്ളയടിച്ചു. ചെറുകിട-ഇടത്തരം വ്യവസായികളും കര്‍ഷകരുമാണ് തൊഴില്‍ നല്‍കുന്നത്. അവരാണ് തൊഴില്‍ മേഖലയുടെ നട്ടെല്ല്. എന്നാല്‍ ഇപ്പോഴത് തകര്‍ത്തിരിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ യോഗ്യത ഉളളവര്‍ക്ക് പോലും ജോലി കിട്ടില്ല, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 2 ലക്ഷം ജോലി നല്‍കും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാത്തത് എന്താണ് രാഹുല്‍ ചോദിച്ചു. ആളുകള്‍ക്ക് ഇപ്പോള്‍ മോദിയുടെ നുണകളെ കുറിച്ച് ബോധ്യമായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications