സൗദി അറേബ്യയെ വേണ്ടാതായോ: ക്രൂഡ് ഓയിലിനായി മറ്റൊരു രാജ്യവുമായി ഇന്ത്യയുടെ വമ്പന്‍ കരാർ
ഡല്‍ഹി: അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞേക്കാവുന്ന സാഹ്യചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റിഫൈനറികള്‍. സൌദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും കൂടിയ അളവില്‍ ഇറക്കുമതി നടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന് ഇടയിലാണ് പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ) ബ്രസീലുമായി ക്രൂഡ് ഓയിലില്‍ ഒരു വമ്പന്‍ ഡീലിന് തയ്യാറായിരിക്കുന്നത്.
ബ്രസീലിന്റെ ദേശീയ എണ്ണക്കമ്പനിയായ പെട്രോലിയോ ബ്രസീലീറോ എസ് എ (പെട്രോബ്രാസ്) യുമായിട്ടാണ് ബി പി സി എല്‍ ക്രൂഡ് ഓയില്‍ വിതരണത്തിനായി കരാർ ഒപ്പിട്ടിരിക്കുന്നത്. തുടക്കത്തില്‍ ഒരു വർഷത്തേക്കായിരിക്കും കരാർ. എന്നാല്‍ അടുത്ത വർഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുന്ന തരത്തിലാണ് ഇരു കക്ഷികളും തമ്മിലുള്ള ധാരണയെന്നും ബി പി സി എല്‍ വ്യക്തമാക്കി.

ഇന്ത്യയുടെ അസംസ്കൃത എണ്ണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിലും ബ്രസീലുമായുള്ള ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ക്രൂഡ് ഓയിൽ വിതരണം ഉറപ്പാക്കുന്നതിനായി ബി പി സിഎൽ ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോബ്രാസുമായി ചർച്ചകൾ നടത്തിവരികയാണെന്നും നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
"തുടക്കത്തിൽ ഒരു വർഷത്തേക്ക് സാധുതയുള്ള കരാർ, മറ്റൊരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ഉണ്ട്, ഇത് ബിപിസിഎല്ലിന്റെ റിഫൈനറികൾക്ക് അസംസ്കൃത എണ്ണയുടെ സ്ഥിരവും വിശ്വസനീയവുമായ വിതരണം ഉറപ്പാക്കും, ഇത് രണ്ട് കമ്പനികളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെ ശക്തിപ്പെടുത്തും," ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ബി പി സി എല്ലിന്റെ അന്താരാഷ്ട്ര വ്യാപാര, റിസ്ക് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് ഹെഡയും പെട്രോബ്രാസിന്റെ ചീഫ് ലോജിസ്റ്റിക്സ്, വാണിജ്യവൽക്കരണ, മാർക്കറ്റ് ഓഫീസർ ഡയറക്ടർ ക്ലോഡിയോ റോമിയോ ഷ്ലോസറുമാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, ബി പി സി എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ, കമ്പനിയുടെ ധനകാര്യ ഡയറക്ടർ വെത്സ രാമകൃഷ്ണ ഗുപ്ത, പെട്രോബ്രാസ് പ്രസിഡന്റ് മാഗ്ദ ചാംബ്രിയാർഡ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്ഥിരവും മത്സരാധിഷ്ഠിതവും വൈവിധ്യപൂർണ്ണവുമായ അസംസ്കൃത എണ്ണ വിതരണം ഉറപ്പാക്കാനുള്ള ബിപിസിഎല്ലിന്റെ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പെട്രോബ്രാസുമായുള്ള ഈ കരാറെന്ന് ജി കൃഷ്ണകുമാർ വ്യക്തമാക്കി. ബ്രസീലിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഉറവിടം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ദീർഘകാല കാഴ്ചപ്പാടുമായി യോജിക്കുന്നു. ആഗോള സഹകരണങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും ഊർജ്ജ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയും പെട്രോബ്രാസുമായുള്ള ഞങ്ങളുടെ കരാറിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയത്. ഉക്രൈന്‍ യുദ്ധത്തിലേക്കുള്ള സാമ്പത്തിക സ്രോതസ് വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക റഷ്യയുടെ പ്രധാന വരുമാന മാർഗ്ഗമായ ക്രൂഡ് ഓയില്‍ വിതരണത്തിന്‍ മേല്‍ പിടിമുറുക്കിയിരിക്കുന്നത്.












Click it and Unblock the Notifications