ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി സസ്‌പെന്റ് ചെയ്യപ്പെട്ട ബിജെഡി എംഎല്‍എ; നിരവധി പേര്‍ക്ക് പരിക്ക്
ഭൂബനേശ്വര്‍: ഒഡിഷയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി സസ്‌പെന്റ് ചെയ്യപ്പെട്ട ബി ജെ ഡി എം എല്‍ എ. ബി ഡി ഒ ബാന്‍പൂരിന്റെ ഓഫീസിന് പുറത്ത് ശനിയാഴ്ചാണ് സംഭവം. ചിലിക്ക എം എല്‍ എ പ്രശാന്ത് ജഗ്ദേവിന്റെ വാഹനമാണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയത്. അപകടത്തില്‍ ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എം എല്‍ എ പ്രശാന്ത് ജഗ്ദേവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ എം എല്‍ എയെ ടാങ്കി ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലേക്കും ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. കാറോടിച്ച് കയറ്റിയിട്ടുള്ള അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (എസ് പി) അലഖ് ചന്ദ്ര പറഞ്ഞു. സംഭവത്തില്‍ ബാനാപൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍ ആര്‍ സാഹു ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അവരെ ഭുവനേശ്വറിലെ എയിംസില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ 15 ഓളം പേര്‍ ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബി ജെ പി നേതാവിനെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ബിജു ജനതാദളില്‍ നിന്ന് ജഗ്‌ദേവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഈ സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ചിലിക്ക എം എല്‍ എയുടെ ഈ പ്രാകൃത നടപടിയെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായി ബി ജെ ഡി എം പി ഡോ. സസ്മിത് പത്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ഈ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ്,' കുറ്റാരോപിതര്‍ക്കെതിരെ പോലീസും ഭരണകൂടവും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ബി ജെ ഡി എം പി പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ബ്ലോക്ക് ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിനായി ബി ജെ പി അനുഭാവികള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം ബാനാപൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന് (ബി ഡി ഒ) പുറത്ത് തടിച്ചുകൂടിയിരുന്നതായി പോലീസ് പറഞ്ഞു. എസ് യു വി ഓടിച്ചിരുന്ന ജഗ്ദേവ് തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം ആദ്യം തടഞ്ഞു. ചിലര്‍ അദ്ദേഹത്തിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു, തര്‍ക്കമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം (ജഗ്ദേവ്) ആള്‍ക്കൂട്ടത്തിനിടയിലൂടെ കാര്‍ ഓടിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു, ''സെന്‍ട്രല്‍ റേഞ്ച് ഐ ജി നരസിംഗ ഭോള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കാറില്‍ നിന്ന് വലിച്ചിറക്കി വടികൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇവര്‍ വാഹനം തകര്‍ത്തതായും പോലീസ് പറഞ്ഞു.

കൊലപാതകശ്രമത്തിന് എം എല്‍ എയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുഖം പ്രാപിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും ഭോള്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബാനപൂര്‍ ടൗണ്‍ ഏരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജഗ്‌ദേവിനെതിരെ ഐ പി സി 307 (കൊലപാതകശ്രമം), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 324 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ മുറിവേല്‍പ്പിക്കുക), 325 (സ്വമേധയാ ഗുരുതരമായ പരിക്കേല്‍പ്പിക്കുക), 326 (അപകടകരമായ ആയുധങ്ങളാല്‍ ഗുരുതരമായ പരിക്കേല്‍പ്പിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജഗ്ദേവിന്റെ അതിവേഗ വാഹനം തടയാന്‍ ശ്രമിച്ച ബാനപൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രശ്മി രഞ്ജന്‍ സാഹുവിനും പരിക്കേറ്റു.

അതേസമയം എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിശ്ചന്ദന്‍ ആവശ്യപ്പെട്ടു. ബോധമുള്ള ഒരു വ്യക്തിക്ക് ഇത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല. പോലീസ് കേസ് സമഗ്രമായി അന്വേഷിക്കണം, ഒഡീഷ സര്‍ക്കാര്‍ നിയമസഭാംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഹരിശ്ചന്ദന്‍ പറഞ്ഞു. ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായികും സംഭവത്തെ അപലപിച്ചു. ഒഡീഷയിലെ സാധാരണക്കാരോട് ബി ജെ ഡി പെരുമാറുന്നത് ഇങ്ങനെയാണ്. ഇത്തരമൊരു നിന്ദ്യമായ, മനുഷ്യത്വരഹിതമായ പ്രവൃത്തിയെ അപലപിക്കാന്‍ എനിക്ക് വാക്കുകളില്ല എന്നായിരുന്നു നിരഞ്ജന്‍ പട്‌നായിക് പറഞ്ഞത്.

2020 ഓഗസ്റ്റില്‍, ചിലിക്ക ഡെവലപ്മെന്റ് അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ എഞ്ചിനീയറോട് ജഗ്‌ദേവ് മോശമായി പെരുമാറിയിരുന്നു. 2016ല്‍ ഒരു വനിതാ തഹസില്‍ദാരെ ഇയാള്‍ മണ്ണെണ്ണ വിളക്ക് എറിഞ്ഞ് ആക്രമിച്ചിരുന്നു. ജൂലൈയില്‍ ബൗദില്‍ ബി ജെ ഡി നേതാവിനെ കരിങ്കൊടി കാണിച്ചതിന് ബി ജെ പി പ്രവര്‍ത്തകരെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു.


Click it and Unblock the Notifications