ഒഡീഷ തദ്ദേശ തിരഞ്ഞെടുപ്പ്: അടിതെറ്റി ബിജെപി, തൂത്തുവാരി ബിജെഡി, പിടിച്ച് നിന്ന് കോണ്‍ഗ്രസ്
ഭുവനേശ്വർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടാം ദിവസവും തുടരുമ്പോൾ വ്യക്തമായ ആധിപത്യം തുടർന്ന് ഭരണ കക്ഷിയായ ബി ജെ ഡി. ഇതുവരെ പ്രഖ്യാപിച്ച 300 സീറ്റുകളിൽ ബി ജെ ഡി 268 സീറ്റുകളും കരസ്ഥമാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, പ്രതിപക്ഷമായ ബി ജെ പിയും കോൺഗ്രസും 14 സീറ്റുകൾ വീതം നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാർഥികളും മറ്റ് രണ്ടിടത്ത് പ്രാദേശിക കക്ഷികളും വവിജയിച്ചു. ശനിയാഴ്ച ആരംഭിച്ച വോട്ടെണ്ണൽ തിങ്കളാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
305 സീറ്റുകളിലേക്കുള്ള വോട്ടുകൾ ഞായറാഴ്ചയും ബാക്കി 231 സീറ്റുകളിലെ വോട്ടുകൾ തിങ്കളാഴ്ചയും എണ്ണും. ആകെ 851 ജില്ലാ പരിഷത്ത് സീറ്റുകളിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഒരു സീറ്റിൽ എതിരില്ലാതെയായിരുന്നു വിജയം. 379 സീറ്റുകളിൽ 329 സീറ്റുകളിൽ ബി ജെ ഡി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു, ബി ജെ പി 19 ലും കോൺഗ്രസ് 17 ലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രധാന പ്രതിപക്ഷമായ ബി ജെ പിയെ ബി ജെ ഡി തങ്ങളുടെ ശക്തികേന്ദ്രങ്ങളായ കലഹന്ദി, ബോലാംഗിർ, സംബൽപൂർ, സുന്ദർഗഡ്, മയൂർഭഞ്ച്, മൽക്കൻഗിരി എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.

2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 35 ശതമാനത്തോളം സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അവർ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഫെബ്രുവരി 16, 18, 20, 22, 24 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 78.6 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ മേഖലയിലെ ബലംഗീർ, ബർഗഡ്, ദിയോഗർ, ജാർസുഗുഡ, കലഹണ്ടി, നുവാപദ, സംബൽപൂർ, സുബർണാപൂർ ജില്ലകളിലായിരുന്നു കഴിഞ്ഞ തവണ ബി ജെ പി മുന്നേറ്റം. എന്നാല്‍ ഇത്തവണ ഇവിടെയെല്ലാം ബി ജെ ഡിയാണ് ലീഡ് ചെയ്യുന്നത്.
2017ൽ 111 സോണുകളിൽ 58 ബി ജെ ഡിയും ബി ജെ പി 37 ഉം സീറ്റില്‍ വിജയിച്ചപ്പോള്‍ കോൺഗ്രസ് 16 സീറ്റിലായിരുന്നു വിജയിച്ചത്. രണ്ട് വർഷത്തിന് ശേഷം 2019ൽ പടിഞ്ഞാറൻ ഒഡീഷയിലെ നാല് ലോക്‌സഭാ സീറ്റുകളിൽനിന്നും ബി ജെ പി വിജയിച്ചു. എന്നാൽ അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 24ൽ 17 സീറ്റും നേടിയ ബി ജെ ഡിയായിരുന്നു ആധിപത്യം പുലർത്തിയത്.












Click it and Unblock the Notifications