ഒഡീഷ ട്രെയിന്‍ അപകടം: 'വര്‍ഗീയ നിറം' നല്‍കാന്‍ ശ്രമം, കര്‍ശന നിയമനടപടിയെന്ന് പൊലീസ്
ഭുവനേശ്വര്‍: 275 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തിന് 'വര്‍ഗീയ നിറം' നല്‍കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നടുക്കിയ ബാലസോര്‍ അപകടത്തെക്കുറിച്ച് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ദുരുദ്ദേശ്യപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
'സോഷ്യല്‍ മീഡിയ വഴിയടക്കം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അപകടത്തെ കുറിച്ചുള്ള റെയില്‍വെയുടെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്'- ഒഡീഷ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ 78 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ മുന്നൂറോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

സിഗ്നലില്‍ പ്രശ്‌നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സുരക്ഷ കമ്മിഷണറുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും അന്തിമ നിഗമനത്തിലേക്ക് എത്തുക. കോറമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് പാളം തെറ്റിയത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കോറമണ്ഡല്‍ എക്‌സ്പ്രസ് പരമാവധി വേഗത്തിലെത്തിയതാണ് അപകടത്തിന്റെ തീവ്രദ വര്‍ദ്ധിപ്പിച്ചതെന്നും റെയില്‍വെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ഒഡിഷയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു. ഹൈദരാബാദ്, ചെന്നൈ, റാഞ്ചി, ചെന്നൈ, കൊല്‍ക്കത്ത, എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസുകള്‍. മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തും. ഒഡീഷ സര്‍ക്കാര്‍ കൊല്‍ക്കത്തയിലേക്ക് സൗജന്യ ബസ് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം രാത്രി 7.20 ഓടെയാണ് അപകടം. കോറമണ്ഡല്‍ എക്സ്പ്രസ്, ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.
ആയിരത്തില്‍ കൂടുതല്‍ പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 56 ഓളം പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വെ അറിയിച്ചു. ഏതാനും മൃതദേഹങ്ങള്‍ ദുരന്ത സ്ഥലത്ത് നിന്ന് ഇനിയും മാറ്റാനുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒഡിഷ സര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവരെ ചികിത്സിക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ദ സംഘം ബാലസോറില്‍ എത്തും.












Click it and Unblock the Notifications