ഒഡീഷ ട്രെയിന്‍ അപകടം: മരണ സംഖ്യ 294 ആയി, ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ തീവണ്ടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റിപ്പോട്ടില്‍ പറയുന്നു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം രാത്രി 7.20 ഓടെയാണ് അപകടം. കോറമണ്ഡല്‍ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് വൈകീട്ടോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ദുരന്തത്തില്‍ റെയില്‍വെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് ബാലസോറിലെ ബാഹംഗ ബാസാര്‍ സ്റ്റേഷന് സമീപത്ത് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തിയത്. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും രക്ഷാപ്രവര്‍ത്തക സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തല്‍സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
അതേസമയം, തകര്‍ന്ന ബോഗിക്കുള്ളില്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. പല മൃതദേഹവും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ഉള്ളതെന്നും ഇവരെല്ലാം ജനറല്‍ ബോഗിയില്‍ ഉള്ളവര്‍ ആണെന്നുമാണ് റെയില്‍വേ സ്ഥിരീകരിക്കുന്നുണ്ട്.
ഇതിനിടെ, അപകടത്തിന് കാരണം, കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്നത്. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസാണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 130 കിലോ മീറ്റര്‍ വേഗതയിലാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കു ട്രെയിനില്‍ ഇടിക്കുന്നത്. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ഹൗറ എക്‌സ്പ്രസ് ബോഗികളിലേക്ക് ഇടിച്ചതോടെ അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
ഇതിനിടെ, ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണം സിഗ്‌നല്‍ സംവിധാനത്തിലെ പാളിച്ചയാണോ എന്നുളള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications