'ഞങ്ങള്‍ യാത്ര ചെയ്ത കോച്ച് മറിയാത്തത് കൊണ്ട് രക്ഷപ്പെട്ടു'; കോറമണ്ഡല്‍ എക്‌സ്പ്രസിലെ മലയാളികൾ പറയുന്നു
ഭുവനേശ്വര്‍: ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനില്‍ മലയാളികളും. കോറമണ്ഡല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത മലയാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തങ്ങള്‍ സഞ്ചരിച്ച കോച്ച് മറിയാത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മലയാളിയായ യാത്രക്കാരന്‍ ഷംസുദ്ദിന്‍ പറഞ്ഞു. എ സി, സ്ലീപ്പര്‍ കോച്ചുകളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഏകദേശം ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയാരാനുള്ള സാധ്യതയുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

'താനും സുഹൃത്തുക്കളുമാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ബാലസോറില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തങ്ങള്‍ സഞ്ചരിച്ച ബോഗ് മാറിയാത്തത് കൊണ്ടാണ് രക്ഷപ്പെട്ടത്. ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്ന് നാല് മൃതദേഹങ്ങള്‍ കണ്ടു. റെയില്‍ പാളങ്ങള്‍ പൊളിഞ്ഞ അവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്'; ഷംസുദ്ദീന്‍ പറഞ്ഞു.
'ഈ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് ഹൗറ സൂപ്പര്‍ ഫാസ്റ്റ് അവിടേക്ക് എത്തുന്നതും അപകടത്തില്‍പ്പെടുന്നതും. ഈ സമയത്ത് ട്രാക്ക് ക്ലിയര്‍ ചെയ്തിരുന്നില്ല. ഫൗറ സൂപ്പര്‍ ഫാസ്റ്റ് വഴിയില്‍ പിടിച്ചിട്ടിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയുമായിരുന്നെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചാണ് വൻ അപകടം ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്ത- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ചത്. പിന്നാലെ കോറമണ്ഡല്‍ എക്സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഇങ്ങനെ പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ പാഞ്ഞെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും നടന്നു. പൊലീസും റെയില്‍വെ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാലസോര്‍ ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് വെളിച്ചക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനറേറ്ററുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications