ഹരിയാന മുന്‍മുഖ്യമന്ത്രിയും ഐഎൻഎൽഡി നേതാവുമായ ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു
ഹരിയാന മുന്‍മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുഡ്ഗാവ് വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായ ഓംപ്രകാശ് ചൗട്ടാല ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ തുടങ്ങിയ നിരവധി പ്രമുഖർ ഓംപ്രകാശ് ചൗട്ടാലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
1935 ജനുവരി ഒന്നിന് സിർസയിൽ ജനിച്ച ചൗട്ടാല പിതാവിന്റെ പാത പിന്തുടർന്ന് ജനതാ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1970-ൽ ആദ്യമായി ഹരിയാന നിയമസഭയിലേക്കും 1987 ല്‍ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബറിൽ പിതാവ് ദേവി ലാൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായതോടെയാണ് ഓംപ്രകാശ് ചൗട്ടാല ആദ്യമായി ഹരിയാന മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും കേവലം ആറ് മാസം മാത്രമാണ് അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ സാധിച്ചത്. ആറ് മാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയായിരുന്നു. പിന്നീട് ഒരു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഓംപ്രകാശ് ചൗട്ടാല 1990-91 കാലയളവില്‍ വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായെങ്കിലും രാഷ്ട്രപതി ഭരണം വന്നതോടെ വീണ്ടും രാജിവെക്കേണ്ടി വന്നു. 1933 ല്‍ വീണ്ടും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും നദീജല കരാറില്‍ പ്രതിഷേധിച്ച് 1995 ല്‍ ഒരിക്കല്‍ കൂടെ പദവി ഒഴിഞ്ഞു.
1998 ലാണ് ഓംപ്രകാശ് ചൗട്ടാല ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിക്കുന്നത്. തൊട്ടടുത്ത വർഷം 1999-ൽ ഹരിയാണ വികാസ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ചൗട്ടാലയെ തേടി വീണ്ടും മുഖ്യമന്ത്രി പദവിയെത്തി. 2000 ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഐ എന്‍ എല്‍ ഡിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി കസേരയിലെത്തിയ അദ്ദേഹം 2005 വരെ പദവിയില്‍ തുടർന്നു.
ഭരണകാലയളവില്‍ വന്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട ചൗട്ടാലയ്ക്ക് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്. ജൂനിയർ ബേസിക് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ 2013ൽ അദ്ദേഹത്തിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ 2021 ലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് സിങ് ചൗട്ടാല, അജയ് സിങ് ചൗട്ടാല എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications