തിരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച്, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ ലോക്‌സഭയില്‍, പിൻവലിക്കണമെന്ന് കോൺഗ്രസ്
ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. നിയമവകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്ലിന്റെ അവതരണം നടത്തിയത്. ഭരണഘടനയുടെ 129ാം വകുപ്പ് ഭേദഗതി ബില്‍ 2024, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്‍ 2024 എന്നിവയാണ് ഇന്ന് ലോക്‌സഭയ്ക്ക് മുന്നിലെത്തിയത്.
ബിൽ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുന്നതിനെ അനുകൂലിച്ച് 269 പേരും എതിര്‍ത്ത് 198 പേരും വോട്ട് ചെയ്തു. ഇതോടെ ബില്ലുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാം. ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. ലോക്സഭയിൽ ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിംഗ് നടത്തുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ രാജ്യത്തെ നിയമസഭകളുടെ അധികാരം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചിട്ടുളളതല്ലെന്ന് നിയമന്ത്രി പറഞ്ഞു.

ബിജെപിയുടെ പ്രധാന രാഷ്ട്രീയ അജണ്ടകളില്‍ ഒന്നായ ബില്ലിനെതിരെ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഉദ്ദേശിച്ചുള്ള നീക്കം നടപ്പാക്കാന്‍ രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ചത്.
ആദ്യത്തേത് ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുളളതും രണ്ടാമത്തേത് കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ കൂടി പുതിയ നിയമത്തിന് കീഴില്‍ കൊണ്ട് വരാനുളളതുമാണ്. പ്രതിപക്ഷ ബഹളത്തിന് നടുവിലാണ് നിയമമന്ത്രി ബില്‍ അവതരിപ്പിച്ചത്. ഇന്ത്യാ മുന്നണിക്ക് കീഴിലെ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അടക്കമുളള കക്ഷികള്‍ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. അതേസമയം ടിഡിപിയും ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും ബില്ലിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യം ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അത് തന്നെയാണ് നിർദേശിച്ചിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ അട്ടിമറിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു. ഭരണഘടനയിലെ ചില ഭാഗങ്ങളില്‍ ഭേദഗതി വരുത്താന്‍ ലോക്‌സഭയ്ക്ക് അധികാരമില്ലെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഈ ബിൽ രാജ്യത്തെ ഏകാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതാണെന്ന് സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ് ആരോപിച്ചു.
ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേര്‍ക്കുളള കടന്നാക്രമണമാണ്. ഇത് നടപ്പിലാക്കിയാല്‍ ചില സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ക്ക് 3 വര്‍ഷത്തില്‍ കുറവ് കാലാവധി മാത്രമാണ് ലഭിക്കുക. അത് ജനവിധിക്ക് എതിരാണെന്നും ഇടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications