• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

450 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചു; ചികിത്സയും ശുചീകരണവും നിലച്ചെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) നല്കാനുള്ള 450 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും നിലച്ചു പോയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള എല്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കോവിഡ് 19നെതിരേയുള്ള പോരാട്ടം ശക്തമാക്കണമെങ്കില്‍ ഈ പ്രതിസന്ധിക്ക് ഉടനേ പരിഹാരം കണ്ടെത്തണം. കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് എന്‍എച്ച്എമ്മിന് ഫണ്ട് നല്കുന്നത്. 2019-20ല്‍ കേന്ദ്രം 840 കോടിയും കേരളം 560 കോടിയും എന്‍എച്ച്എമ്മിനു അനുവദിച്ചിരുന്നു. ഇതില്‍ 450 കോടി രൂപയാണ് സംസ്ഥാനം ഇപ്പോള്‍ എന്‍എച്ച് എമ്മിനു നല്കാനുള്ളതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.

ഇതോടെ ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്നുള്ള രണ്ടം ഗഡു ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചു. സംസ്ഥാനത്തിന്റെ വിഹിതം നല്കിയില്ലെങ്കില്‍ കേന്ദ്രഫണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരിയില്‍ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്കി. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്രആരോഗ്യ സ്‌പെഷല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്കും കത്തയച്ചു. എന്നാല്‍ ഇതുവരെ സംസ്ഥാനം ഫണ്ട് നല്കിയില്ല.

18 വയസിനു താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ ചികിത്സയായ ആരോഗ്യകിരണം പദ്ധതി, പ്രസവവും തുടര്‍ന്നുള്ള ശുശ്രൂഷയും സൗജന്യമായി നല്കുന്ന അമ്മയും കുഞ്ഞും പദ്ധതി, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ നിരവധി പരിപാടികളാണ് പ്രതിസന്ധിയിലായത്. മഴക്കാലപൂര്‍വ ശുചീകരണത്തിന് സര്‍ക്കാര്‍ എന്‍എച്ച്എം വഴി വാര്‍ഡ് ഒന്നിന് നല്‌കേണ്ട 10,000 രൂപ നല്കിയില്ല. തുടര്‍ന്ന് ശുചിത്വമിഷനും (10000 രൂപ), പഞ്ചായത്തും (5000 രൂപ) പണം നല്കിയില്ല. 12 വര്‍ഷമായി നടക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പരിപാടി നിലച്ചതിനാല്‍ ഡെങ്കു, ചിക്കുന്‍ഗുനിയ, മലേറിയ, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇപ്പോള്‍ കൂടുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 30.20 കോടി രൂപ കിട്ടാനുണ്ട്. എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ. ആശുപത്രികള്‍ക്ക് പണം കിട്ടാത്തതിനാല്‍ മരുന്നുകടകള്‍, സ്‌കാനിംഗ് സെന്ററുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും പണം നല്കാനാകുന്നില്ല. വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ വിതരണവും നിലച്ചു.

കുട്ടികള്‍ക്ക് മുടങ്ങാതെ നല്‌കേണ്ട വിറ്റാമിന്‍ എ പരിപാടിയും മീസില്‍്‌സ്, മംമ്‌സ്, റൂബല്ല വാക്‌സിനും മാസങ്ങളായി മുടങ്ങി. കുട്ടികളുടെ കാഴ്ചശക്തിക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും നല്കുന്നതാണ് വിറ്റാമിന്‍ എ. അഞ്ചു വയസിനിടയ്ക്ക് 9 തവണയാണിതു നല്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 1970 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിപാടിയാണിത്. കോവിഡ് കാലത്ത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ എ നിഷേധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍എച്ച് എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി നാലുവര്‍ഷമായി സംസ്ഥാനത്ത് ഒരിടത്തും കൂടിയിട്ടില്ല. എന്‍എച്ച് എമ്മിനെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. കാരുണ്യ ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നു മാറ്റി അഷ്വറന്‍സ് പദ്ധതിയാക്കുന്നത് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ്. പണം യഥേഷ്ടം ലഭിക്കാതെ വന്നാല്‍ പദ്ധതി നടപ്പാക്കുന്ന 402 ആശുപത്രികള്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Oommen Chandy against state govt on nhm fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X