ചരിത്രമെഴുതി വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും; ഓപ്പറേഷൻ സിന്ദൂറിൽ നാഴികക്കല്ല്
ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദീകരണത്തിനായി വിദേശകാര്യ മന്ത്രാലയവും സൈന്യവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒപ്പം വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയത് വിംഗ് കമാൻഡർ വ്യോമിക സിംഗും, കേണൽ സോഫിയ ഖുറേഷിയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇരുവരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നതിലുപരി ഇത്രയും നിർണായകമായ ഒരു ഓപ്പറേഷൻ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു കൊടുക്കുക എന്ന കടമയാണ് അവർക്ക് സൈന്യം നൽകിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ സൈന്യത്തിന്റെ പ്രതിനിധികളായി പങ്കെടുത്തതോടെ ഇന്ത്യ പാകിസ്ഥാനും ലോകത്തിനും നൽകിയ സന്ദേശം വളരെ വലുതാണ്.
അതിർത്തി കടന്നുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതും ഇതിനോട് ചേർത്തുവായിക്കാം. പഹൽഗാമിൽ പാക് ഭീകരരുടെ ആക്രമണത്തിൽ സ്ത്രീകളെ ബാക്കി വച്ചപ്പോൾ അവരിൽ പലരുടെയും നെറ്റിയിലെ സിന്ദൂരവും മായ്ച്ചിരുന്നു. ഭർത്താക്കൻമാരെ കണ്മുന്നിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തുന്നത് നോക്കി നിൽക്കേണ്ടി വന്ന സ്ത്രീകളുടെ നിയസഹായതയ്ക്ക് സൈന്യം നൽകിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
കേണൽ സോഫിയ ഖുറേഷി
ആസിയാൻ പ്ലസ് മൾട്ടിനാഷണൽ ഫീൽഡ് പരിശീലന അഭ്യാസമായ ഫോഴ്‌സ് 18ൽ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടമുൾപ്പെടെ സ്വന്തമാക്കിയിട്ടുള്ള ഉദ്യോഗസ്ഥയാണ് കേണൽ സോഫിയ ഖുറേഷി. ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ഖുറേഷി 1999ൽ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി വഴിയാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.
ശക്തമായ സൈനിക പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. അതിൽ കലാപ മേഖലകൾ ഉൾപ്പെടെ, സിഗ്നൽ റെജിമെന്റുകളിൽ അവർ സേവനം അനുഷ്‌ഠിച്ചിരുന്നു. 2006ൽ, കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തിൽ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിരുന്നു.
വിംഗ് കമാൻഡർ വ്യാമിക സിംഗ്
കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്‌നത്തിൽ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാൻഡർ വ്യോമിക സിംഗിന്റെ യാത്ര ആരംഭിച്ചത്. സ്‌കൂൾ കാലം മുതൽ തന്നെ അവർക്ക് പറക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അർത്ഥം അവരെ ഈ ആഗ്രഹവുമായി കൂടുതൽ ബന്ധിപ്പിക്കാൻ കാരണമായി.
നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻസിസി) ചേർന്നാണ് അവർ തന്റെ ലക്ഷ്യം പിന്തുടർന്നത്. പിന്നീട് എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ശേഷം കുടുംബത്തിൽ സായുധ സേനയിൽ ചേരുന്ന ആദ്യ വ്യക്തിയായി അവർ മാറി. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി അവർ കമ്മീഷൻ ചെയ്യപ്പെട്ടു, 2019 ഡിസംബർ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷനും ലഭിച്ചു. 2020ൽ അരുണാചൽ പ്രദേശിൽ നടന്ന നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ മികവു തെളിയിച്ചിട്ടുണ്ട് വ്യോമിക സിംഗ്.
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ'
പഹൽഗാമിൽ പൊലിഞ്ഞുവീണ 26 ജീവനുകൾക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം പതിനഞ്ചാം നാൾ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയത്. പാകിസ്ഥാനിലും, പാക് അധീന കശ്‌മീരിലുമായി ഒമ്പതോളം ഭീകരവാദികളുടെ സങ്കേതങ്ങൾക്ക് നേരെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എഴുപതോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications