പനീര്‍ശെല്‍വം മുഖ്യമന്ത്രിയാവില്ല..!!പളനിസ്വാമി തുടരും..!! നഷ്ടം മുഴുവന്‍ ശശികലയ്ക്ക്..!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: അണ്ണാഡിഎംകെയിലും തമിഴ്‌നാട് ഭരണത്തിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ന്നിരുന്ന പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. ഒ പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി പക്ഷവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചര്‍ച്ചയിലെ തീരുമാനപ്രകാരം എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടരും. ശശികലയുടെ സ്ഥാനത്ത് പനീർശെൽവം ഇനി പാർട്ടിയെ നയിക്കും.

പരാജയപ്പെട്ട ചർച്ചകൾ

എഐഎഡിഎംകെയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലും ഒപിഎസ് പക്ഷവും എടപ്പാടി പക്ഷവും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സമവായത്തിലെത്താനായില്ല. മുഖ്യമന്ത്രിസ്ഥാനമായിരുന്നു ഒപിഎസ്സിന്റെ ലക്ഷ്യം.

ഓപിഎസ് പാർട്ടിയെ നയിക്കും

എന്നാല്‍ ഓപിഎസ്സിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്നും വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നും പളനിസ്വാമി വിഭാഗം നിര്‍ദേശം വെച്ചു. ഇത് അംഗീകരിച്ച പ്രകാരം ഇനി പനീര്‍ശെല്‍വമാണ് പാര്‍ട്ടിയെ നയിക്കുക.

ശശികലയെ തുടച്ചുനീക്കി

പനീര്‍ശെല്‍വം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. ശശികല, ടിടിവി ദിനകരന്‍ എന്നിവരുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനും ഇരുവരുടേയും രാജി എഴുതി വാങ്ങാനും തീരുമാനമായിട്ടുണ്ട്.

ഓപിഎസ് ലക്ഷ്യമിട്ടത്

പനീര്‍ശെല്‍വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും ഇതുതന്നെ ആയിരുന്നു. ശശികല ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയെ പൂര്‍ണമായും എഐഎഡിഎംകെയില്‍ നിന്നും തുടച്ചുനീക്കിയെന്ന് ഉറപ്പ് ലഭിക്കാതെ തിരിച്ച് വരവ് അസാധ്യമെന്ന് ഓപിഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

രാജി എഴുതി വാങ്ങും

ജയിലില്‍ കഴിയുന്ന ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ വ്യക്തമാക്കിയിരുന്നു. പക്ഷേ സാങ്കേതികമായി ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. അതിനാലാണ് രാജി എഴുതിവാങ്ങിക്കാന്‍ ധാരണയായത്.

ശശികലയുടെ കളികൾ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് ശശികല ജയിലില്‍ പോകുമ്പോഴാണ് വിശ്വസ്തനായ പളനിസ്വാമിയെ മുഖ്യമന്ത്രിക്കസേര ഏല്‍പ്പിച്ചത്. ഒട്ടേറെ കളികള്‍ കളിച്ചാണ് എംഎല്‍എമാരെ കൂടെ നിര്‍ത്തിയതും പനീര്‍ശെല്‍വത്തില്‍ നിന്നും ഭരണം പിടിച്ചതും.

കൂടെ നിന്ന് പാലം വലിച്ചു

താന്‍ തിരികെ വരുന്നത് വരെ ഭരണം പളനിസ്വാമിയുടെ കയ്യിലും പാര്‍ട്ടി അനന്തിരവന്‍ ദിനകരന്റെ കയ്യിലും സുരക്ഷിതമായിരിക്കുമെന്ന ശശികലയുടെ വിശ്വാസമാണ് തെറ്റിയിരിക്കുന്നത്. ഏറ്റവും വിശ്വസ്തനെന്നു കരുതിയ പളസ്വാമി തന്നെ ഒടുവില്‍ പാലം വലിച്ചു.

പിടിച്ച് നിൽക്കാനുള്ള വഴി

പാര്‍ട്ടി ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച് കുടുങ്ങിയിരിക്കുകയാണ് ദിനകരന്‍. ഇതോടെ തന്റെ കാല്‍ക്കീഴിലെ മണ്ണും ചോര്‍ന്നുപോവുകയാണ് എന്ന് ബോധ്യപ്പെട്ടതോടെയാണ് പളനിസ്വാമി കളം മാറ്റിയത്.

English summary
OPS will be new AIADMK GS and Edappadi Palaniswami to continue as CM of Tamil Nadu
Please Wait while comments are loading...