പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; മോദിയുടെ വസതിയില്‍ തിരക്കിട്ട നീക്കങ്ങള്‍
ശ്രീനഗര്‍: നിയന്ത്രണരേഖയിലും ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനില്‍ സംസാരിച്ചു.പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം ദിവസങ്ങളോളം അകാരണമായി പ്രകോപനം സൃഷ്ടിക്കുകയാണ്.
ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നുണ്ട്. ഇതിന് ശേഷമാണ് ചര്‍ച്ചകളും മുന്നറിയിപ്പും ഉണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 27 നും 28 നും രാത്രിയില്‍ ജമ്മു കശ്മീരിലെ കുപ്വാര, പൂഞ്ച് ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തിന് സൈന്യം വേഗത്തില്‍ മറുപടി നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 26-27 രാത്രിയില്‍ ടുത്മാരി ഗാലി, റാംപൂര്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പിനും ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരുന്നു. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിനുശേഷം നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
ഇപ്പോള്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കും ലംഘനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ പഹല്‍ഗാം ആക്രമണത്തില്‍ മറുപടി കൊടുക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ് എന്നാണ് വിവരം. ഇന്ന് രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ വിദേശകാര്യമന്ത്രിയും കരസേന മേധാവിയും എത്തി കൂടിക്കാഴ്ച നടത്തി.
പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങളുടെ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേര്‍ന്ന് അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നതായി വിലയിരുത്തി. പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുക, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുക എന്നിവ ഉള്‍പ്പെടുന്നു. ഹൈക്കമ്മീഷനുകളുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിന് സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് സൈനിക നടപടി ഉണ്ടാകുമെന്നാണ് ഒരു പാകിസ്ഥാന്‍ മന്ത്രിയും അഭിപ്രായപ്പെട്ടത്.
അതേസമയം പാകിസ്ഥാന്‍ ഒരു സംഘര്‍ഷത്തിനും തുടക്കമിടില്ല എന്നും പക്ഷേ പ്രകോപനം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്‍ മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ആക്രമണം മതപ്രേരിതമാണെന്ന ആരോപണങ്ങള്‍ തള്ളി പാക് സൈന്യവും രംഗത്തെത്തി. ഭീകരതയ്ക്ക് മതമില്ല എന്നായിരുന്നു ഒരു പാക് സൈനികന്റെ പ്രതികരണം.
വ്യക്തമായ തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് എന്ന് പാകിസ്ഥാന്റെ വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുമ്പോഴും ഇന്ത്യയുമായുള്ള സംഘര്‍ഷ സാധ്യത ക്രമാനുഗതമായി വര്‍ധിച്ചുവരികയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഏതൊരു ആക്രമണത്തിനും പാകിസ്ഥാന്‍ ഉചിതമായി പ്രതികരിക്കുമെന്നും എന്നാല്‍ അത്തരമൊരു പ്രതികരണത്തിന്റെ സ്വഭാവം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു ലംഘനം ഉണ്ടായാല്‍, ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങളുടെ പ്രതികരണത്തിന്റെ സ്വഭാവം ഇന്ത്യന്‍ നടപടിയെ ആശ്രയിച്ചിരിക്കും,' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications