പാക് ചാരന് സൈനികരുമായും ബന്ധം; അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അറസ്റ്റിലായ സിആര്‍പിഎഫ് എഎസ്‌ഐ മോത്തി റാം ജാട്ടിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാളുമായി ബന്ധം പുലര്‍ത്തിയ ഐഎസ്‌ഐ ഏജന്റിന് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടായിരുന്നുവത്രെ.
15 ഫോണ്‍ നമ്പറുകളിലേക്ക് പാക് ചാരന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സലിം അഹമ്മദ് എന്ന രഹസ്യ പേരിലുള്ള ഐഎസ്‌ഐ ഏജന്റാണ് മോത്തി റാമുമായും ഉദ്യോഗസ്ഥരുമായും ബന്ധം പുലര്‍ത്തിയിരുന്നത്. കരസേന ഉദ്യോഗസ്ഥര്‍, അര്‍ധസൈനികര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുമായിട്ടായിരുന്നു ബന്ധം.

ഫോണ്‍ വിവരങ്ങളും ഇന്റര്‍നെറ്റ് വിശദാംശങ്ങളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രണ്ടുവര്‍ഷമായി മോത്തി റാം ഐഎസ്‌ഐ ഏജന്റില്‍നിന്ന് പണം സ്വീകരിച്ചിരുന്നു. 12000 രൂപ വരെയാണ് ലഭിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് പണം വന്നിരിക്കുന്നതത്രെ. മോത്തി റാമിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം വന്നിട്ടുണ്ടെന്നാണ് വാര്‍ത്തയിലുള്ളത്.
ജേണലിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് തന്നെ ആദ്യം ബന്ധപ്പെട്ടതെന്ന് മോത്തി റാം അന്വേഷണ സംഘത്തോട് പറഞ്ഞു എന്നാണ് വിവരം. ഈ യുവതിയുമായി നിരന്തര ബന്ധം പുലര്‍ത്തി. മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി ഒരു പുരുഷന്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്നാണ് വിവരങ്ങളും ചിത്രങ്ങളും കൈമാറിയത്.
പണം ലഭിച്ചതോടെ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളും മോത്തി റാം കൈമാറി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പ്രതി കൈമാറിയോ എന്ന് വ്യക്തമല്ല. പാക് ഏജന്റുമാര്‍ക്ക് രഹസ്യങ്ങള്‍ കൈമാറുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി മോത്തി റാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പഹല്‍ഗാമിലെ ബറ്റാലിയനിലും നിയമിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications