ഇന്ത്യക്കെതിരേ പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ 'പ്രോക്‌സി യുദ്ധം? ആശങ്കപ്പെടുത്തുന്ന ഘടകങ്ങള്‍ ഇതാണ്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേല്‍പ്പിച്ച മുറിവ് ചെറുതല്ല. ഭീകരരുടെ ക്രൂരതയില്‍ 26 നിരപരാധികരുടെ ചോര പൊടിഞ്ഞപ്പോള്‍ മുറിവേറ്റത് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ മനസിലാണ്. ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ആകാത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും ഈ ഭീകരാക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തമാകാനുണ്ട്. പതിവു പോലെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഈ ഭീകരാക്രണത്തില്‍ പങ്കില്ലെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.
കൂട്ടക്കൊല നടത്തിയതെന്ന് സംശയിക്കുന്ന നാല് തീവ്രവാദികളുടെ ചിത്രങ്ങളാണ് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ കീഴിലുള്ള ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകഴിഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്. അതേസമയം, പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പരോക്ഷമായ പിന്തുണ ആക്രമണത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ നിഗമനം.

കാശ്മീരിന്റെ വിഭജനം മുതല്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാട് തന്നെയാണ് കാശ്മീരിനെയും അതുവഴി ഇന്ത്യയെയും അശാന്തിയിലാക്കുന്നത്. പാകിസ്ഥാന്റെ ഈ നയം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടിട്ടു പോലും ഭീകരതയെ ഉന്മൂലനം ചെയ്യാനോ ശക്തമായ നടപടി സ്വീകരിക്കാനോ പാകിസ്ഥാന്‍ ഭരണകൂടത്തിനു കഴിയുന്നില്ല.
ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പോറ്റി വളര്‍ത്തി ഇന്ത്യക്കെതിരേ ഒരു പ്രോക്‌സി യുദ്ധത്തിനാണ് ഐഎസ്‌ഐ ശ്രമിക്കുന്നത്. അതായത് തീവ്രവാദ സംഘടനകളെ മുന്നില്‍ നിര്‍ത്തി, പരോക്ഷമായി അവര്‍ക്ക് പിന്തുണ നല്‍കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രമാണ് ഐഎസ്‌ഐ എപ്പോഴും പ്രയോഗിക്കുന്നത്.
പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുള്ള ഖാലിദിനെപോലുള്ളവര്‍ ഇന്ത്യാ വിരുദ്ധവും മതവിദേ്വഷം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസംഗങ്ങളിലൂടെ പാകിസ്ഥാനിലെ കൂടുതല്‍ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കി ഇന്ത്യക്കെതിരേ ആക്രമണങ്ങള്‍ ശക്തമാക്കാനാണ് ഐഎസ്‌ഐ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതിനായി ചെറുപ്പക്കാര്‍ക്ക് എകെ 47നും വിദേശ നിര്‍മ്മിതമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നല്‍കി അവരെ പരിശീലിപ്പിക്കുന്നത് തുടരുന്നു.
പഹല്‍ഗാമില്‍ ചൊവ്വാഴ്ച്ചയുണ്ടായ ആക്രമണം 2023-ല്‍ ഹമാസ് ഇസ്രായേലിനെതിരേ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുന്‍ യുഎസ് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ഹമാസിന്റെ തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനത്തിന് തുരങ്കം വയ്ക്കുന്ന പാകിസ്ഥാന്റെ ഇടപെടല്‍ അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിനൊരു ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. മാറി മാറി വരുന്ന പാകിസ്താന്‍ സര്‍ക്കാരുകളും സൈനിക നേതൃത്വങ്ങളും ഇന്ത്യക്കെതിരേയുള്ള വിദ്വേഷം വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിവരുന്നത്.
ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കാശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തരാണെന്നായിരുന്നു മുനീറിന്റെ വിവാദ പ്രസ്താവന. ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ പാകിസ്താനില്‍നിന്നു വേര്‍പെടുത്താനാവില്ലെന്ന പ്രസ്താവനയും വിദ്വേഷത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ്.
വിദ്വേഷം പരത്തി രണ്ടു രാജ്യങ്ങളിലും അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഐഎസ്‌ഐ ശ്രമിക്കുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തമാകുന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ബംഗ്ലാദേശ് തീവ്രവാദത്തെ സജീവമായി പിന്തുണയ്ക്കുന്നില്ലെങ്കിലും അവിടുത്തെ രാഷ്ട്രീയ അക്ഷിരത പാകിസ്ഥാന്‍ മുതലെടുക്കുമോ എന്ന ഭയം ഇന്ത്യക്കുണ്ട്. ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങളും ബംഗ്ലാദേശിനെ ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്ന സൂചനകള്‍ ഇതിനകം പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications