പ്രഭു കണ്ണുരുട്ടി; ശിവാജിയുടെ 2.8 കോടിയുടെ സ്മാരകം പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും
ചെന്നൈ: നടന്‍ ശിവാജി ഗണേശന്റെ സ്മാരകം ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനം തിരിച്ചടിയായി. പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും അറിയിച്ചതോടെ പ്രതിഷേധവുമായി ശിവാജി ഗണേശന്റെ മകന്‍ പ്രഭു രംഗത്തെത്തി.
ഇതോടെ പ്രഭുവുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി എടപ്പാടി പളനിസാമി പരിപാടിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കി. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വമായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. അദ്ദേഹമായിരിക്കും സ്മാരകത്തന്റെ ഉദ്ഘാടനവും നിര്‍വഹിക്കുക. തിരക്കുമൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം നടനെ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രഭു സംസ്ഥാന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്കു കത്തയച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രി ഏറ്റെടുത്തത്. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയില്‍ ശിവാജി ഗണേശന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ, മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ 2016 ഓഗസ്റ്റ് നാലിന അവിടെ നിന്ന് നീക്കിയിരുന്നു. ഇതേതുടര്‍ന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്മാരകം നിര്‍മ്മിച്ചത്. 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ് പുതിയ സ്മാരകം.












Click it and Unblock the Notifications