'പുരി, അത് കെട്ടിടത്തിന്റെ ഒരു ഭാഗമല്ലേ';പാർലമെന്റ് ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിക്ക് മറുപടിയുമായി തരൂർ
ദില്ലി: 1975 ൽപാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം ഇന്ദിരാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തതെന്ന കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം മാത്രമാണ് അന്ന് ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്തതെന്നും എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത് പുതിയ പാർലമെന്റ് മന്ദിരമാണെന്നും തരൂർ പറഞ്ഞു. രാഷ്ട്രപതിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
'പ്രിയപ്പെട്ട പുരി, അത് പാർലമെന്റ് മന്ദിരത്തിന്റെ ഭാഗം മാത്രമായിരുന്നു. ഇത് പാർലമെന്റിന്റെ പുതിയ മന്ദിരവും. രാഷ്ട്രപതിയാണ് ഭരണതലവനെന്ന് ഭരണഘടന പറയുന്നില്ലേ? അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെക്കാൾ രാഷ്ട്രപതിയല്ലേ അത് ഉദ്ഘാടനം ചെയ്യേണ്ടത്?', ശശി തരൂർ ട്വീറ്റ് ചെയ്തു.

1975 ൽ ഇന്ദിരാഗാന്ധിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതെന്നും 1987 ആഗസ്റ്റ് 15 ന് രാജീവ് ഗാന്ധിയാണ് പാർലമെന്റ് ലൈബ്രറിക്ക് തറക്കല്ല് ഇട്ടതെന്നും പുരി പറഞ്ഞിരുന്നു. 'നിങ്ങളുടെ ഭരണത്തലവന് പാർലമെന്റ് അനെക്സും ലൈബ്രറിയും ഉദ്ഘാടനം ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഈ സർക്കാരിന്റെ തലവന് അത് ചെയ്തുകൂടാ? അത് പോലെ തന്നെ ലളിതമായ കാര്യമാണിത്', എന്നായിരുന്നു പുരി പറഞ്ഞത്.
അതേസമയം പാർലമെന്റ് കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു വിഷയമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പ്രതികരിച്ചു. 'ബ്രിട്ടീഷുകാരുടെ കാലത്താണ് പാർലമെന്റ് നിർമ്മിച്ചത്. രാഷ്ട്രപതി ഭവനും ബ്രിട്ടീഷുകാരുടെ കാലത്താണ് പണിതത്. അപ്പോൾ എങ്ങനെയാണ് പാർലമെന്റ് മന്ദിരം ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം ആരെങ്കിലും ഉദ്ഘാടനം ചെയ്താൽ അത് വേറെ കാര്യമാണ്. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത്', ഭാഗൽ വ്യക്തമാക്കി.
അതേസമയം പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താൽ പരിപാടി ഒറ്റക്കെട്ടായി ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍സി പി, ആർ ജെ ഡി, എ എ പി, ജെഡിയു, ഡി എം കെ, എസ് പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം തുടങ്ങി 19 ഓളം പ്രതിപക്ഷ കക്ഷികളാണ് പരിപാടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയത്.












Click it and Unblock the Notifications