പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം: മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വർഷ കാല സമ്മേളനത്തിന് ഇന്ന് തുടക്കം. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മണിപ്പൂര്‍ വിഷയമാണ് പ്രധാന ചര്‍ച്ച. സഭ നിര്‍ത്തിവെച്ച് മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് 15 പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കി. അതേസമയം കേന്ദ്ര സര്‍ക്കാരിന് വളരെ നിര്‍ണായകമായ സഭാ സമ്മേളനമാണ് ആരംഭിക്കുന്നത്.
31 ബില്ലുകളാണ് ഇക്കാലയളവില്‍ സഭയില്‍ കൊണ്ടുവരുന്നത്. അതില്‍ ഡല്‍ഹി ഓര്‍ഡിനന്‍സുമുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഇത്തവണ പാര്‍ലമെന്റ് സമ്മേളനം കലുഷിതമായിരിക്കുമെന്ന് ഉറപ്പാണ്.മണിപ്പൂര്‍ വിഷയത്തില്‍ ഗൗരവമേറിയതും, ഉത്തരവാദിത്തമുള്ളതുമായ ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ആവശ്യപ്പെട്ടു. ഇരുസഭകളിലും ചര്‍ച്ച വേണമെന്നാണ് തിവാരി പറയുന്നത്.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും തിവാരി മുന്നറിയിപ്പ് നല്‍കി. അതേസമയം ഫലപ്രദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിച്ചു. വർഷ കാല സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു പ്രതികരണം. ഈ സമ്മേളനം രാജ്യത്തിന്റെയും, ജനങ്ങളുടെയും ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബിജെപിയും നോട്ടീസ് നല്‍കിയിട്ടുണ്ട്.രാജസ്ഥാനിലെ കൊലപാതകത്തിലും ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ വലിയ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പിന്തുണ അരവിന്ദ് കെജ്രിവാളിന് ലഭിച്ചിട്ടുണ്ട്. 105 അംഗങ്ങള്‍ ഈ ബില്ലിന് എതിരാണ്. എന്നാല്‍ കേന്ദ്രത്തിന് അനുകൂലമായി തന്നെ കാര്യങ്ങള്‍ വരാനാണ് സാധ്യത. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി 105 അംഗങ്ങളുണ്ട്. അഞ്ച് നോമിനേറ്റഡ് അംഗങ്ങളുടെയും, രണ്ട് സ്വതന്ത്ര എംപിമാരുടെയും പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.
മായാവതിയുടെ ബിഎസ്പി, ജെഡിഎസ്, ടിഡിപി എന്നിവരും പിന്തുണച്ചേക്കും. ഓരോ അംഗങ്ങളാണ് ഇവര്‍ക്കുള്ളത്. നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയുടെയും, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ കേന്ദ്രത്തിന് ആവശ്യമായി വരും. ഇവര്‍ക്ക് രണ്ട് പേര്‍ക്കും 9 എംപിമാര്‍ വീതമുണ്ട്.ബില്‍ വോട്ടെടുപ്പിന് വരുമ്പോള്‍ തീരുമാനമെടുക്കുമെന്നാണ് ബിജെഡി അറിയിച്ചിരിക്കുന്നത്. അതേസമയം ജഗന്‍ തീരുമാനം എന്താണെന്ന് പറഞ്ഞിട്ടില്ല.
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ രണ്ട് ആദിവാസി യുവതികള്‍ക്കെതിരായ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഇതിനെ അപലപിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍, സഭ തടസ്സപ്പെടുന്നതിന് കാരണം അദ്ദേഹമായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രയന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications