രണ്ടാം ദിനവും പാര്‍ലമെന്റ് കലുഷിതം, പ്രതിപക്ഷം ഇറങ്ങിപ്പോയി, എംപിമാര്‍ ധര്‍ണയിരിക്കും
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും സംഘര്‍ഷഭരിതം. പലതവണ ഇന്നും പാര്‍ലമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ തന്നെയാണ് ഇന്നും ചര്‍ച്ചയായത്. സസ്‌പെന്‍ഷനിലായ എംപിമാര്‍ നാളെ മുതല്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണയിരിക്കും. ശൈത്യകാല സമ്മേളനം കഴിയുന്നത് വരെയാണ് ഇവര്‍ ധര്‍ണ തുടരുക. അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനായി മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ സമീപിച്ചെങ്കിലും അദ്ദേഹം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ല. മാപ്പുപറയട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹം.

മാപ്പുപറയാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. കഴിഞ്ഞ മണ്‍സൂണ്‍ സെഷന്റെ മോശം അനുഭവം ഇപ്പോഴും തങ്ങളെ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ സെഷനില്‍ സംഭവിച്ചതിന് മാപ്പുപറയുമെന്നും, ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുമെന്നുമാണ് കരുതിയത്. അതുണ്ടായില്ല. ദൗര്‍ഭാഗ്യകരമാണ് അതെന്നും രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ മണ്‍സൂണ്‍ സെഷനിലാണ് ഇത് നടന്നത്. അതിന്റെ തീരുമാനം ഇപ്പോള്‍ എങ്ങനെയാണ് എടുക്കുകയെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ ചോദിച്ചു. സസ്‌പെന്‍ഷനെ ചെയര്‍മാന്‍ ന്യായീകരിച്ചതോടെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ എംപിമാരും രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയി. തന്റെ തീരുമാനം അന്തിമമാണെന്നും നായിഡു പറഞ്ഞു.
അതേസമയം നാളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് സസ്‌പെന്‍ഷനിലാണ് എംപിമാരുടെ ധര്‍ണയുണ്ടാവുക. എംപിമാരുടെ സസ്പെന്‍ഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധിക്കുമെന്ന് ഡെറിക് ഒബ്രയനും പറഞ്ഞു. ലോക്‌സഭയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തെ അംഗങ്ങളുമായി ചര്‍ച്ച നടത്തി. സഭ നല്ല രീതിയില്‍ നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷത്തെ ചില എംപിമാര്‍ സഭയില്‍ വിസിലടിച്ചു. ഒരാള്‍ എല്‍ഇഡി സ്‌ക്രീന്‍ തകര്‍ക്കാന്‍ നോക്കി. വനിതാ മാര്‍ഷലുകളെ പോലും എംപിമാര്‍ അപമാനിച്ചു. അതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ എംപിമാര്‍ക്ക് നല്‍കിയതെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ബിറ്റ് കോയിനുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ ബിറ്റ് കോയിന്‍ പരസ്യങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ബിറ്റ് കോയിനെ കുറിച്ചുള്ള അപകടങ്ങള്‍ ആര്‍ബിഐയും സെബിയും ജനങ്ങളെ അറിയിക്കുന്നുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുമെന്നും രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ ധനമന്ത്രി വ്യക്തമാക്കി. അതേസമയം പൗരത്വ നിയമത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. എന്‍ആര്‍സി നടപ്പാക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സിഎഎ നിയമം നിലവില്‍ വന്ന കാര്യം അറിയിച്ച ശേഷം അതിന് കീഴില്‍ വരുന്നവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയെ വിഭജിച്ച് പ്രത്യേക വിദര്‍ഭ സംസ്ഥാനം രൂപീകരിക്കാന്‍ യാതൊരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ലെന്നും, അത് പരിഗണനയില്‍ ഇല്ലാത്ത കാര്യമാണെന്നും സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. അതേസമയം മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ച 21000 കോടിയുടെ ഹെറോയിനെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. തുറമുഖങ്ങളുടെ സ്വകാര്യവത്കരണവും മയക്കുമരുന്ന് കടത്തും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ ഒരു ഡാറ്റയും പഠനവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും എടുക്കുന്നുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ സ്‌ക്രീനിംഗും ജെനോം സ്വീക്വന്‍സിംഗുമെല്ലാം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ 40 സാധാരണക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 72 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 348 സുരക്ഷാ ഉദ്യോഗസ്ഥരും 195 സാധാരണക്കാരുമാണ് തീവ്രവാദ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.
Recommended Video
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പള ഭേദഗതി ബില്ലും ലോക്‌സഭയില്‍ അതവരിപ്പിച്ചു. നേരത്തെ എംപിമാരുടെ സസ്പെന്‍ഷനെ തുടര്‍ന്ന് കോണ്‍ഗ്രസ് ലോക്സഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശൈത്യകാല സമ്മേളനം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലായിരുന്നു. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് യോജിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications