പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ
ദില്ലി; പാർലമെന്റിൽ ഇന്ന് ശീതകാല സമ്മേളനത്തിന് തുടക്കമാകും. ഇന്ന് തന്നെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. ഇതുൾപ്പെടെ 25 ബില്ലുകളാണ് ഈ സമ്മേളന കാലയവളവിൽ സഭയിൽ അവതരിപ്പിച്ചേക്കുക. വിവിധ വിഷയങ്ങളിൽ ചർച്ച എന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചിരിക്കെ സഭാ കാലയളവ് പ്രക്ഷുഭ്ദമാകും എന്ന കാര്യത്തിൽ തർക്കമില്ല.

സഭ നടപടികൾ ഇങ്ങനെ
ലോക്സഭയിലെ നടപടികൾ
രാവിലെ 11 മണിക്ക് പ്രതിഭാ സിംഗും ജ്ഞാനേശ്വർ പാട്ടീലും എംപിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.
അന്തരിച്ച എംപിമാരായ സെൻഗുട്ടുവൻ, കല്യാൺ സിംഗ്, ഓസ്കാർ ഫെർണാണ്ടസ്, ഗോദിൽ പ്രസാദ് അനുരാഗി, ശ്യാം സുന്ദർ സോമാനി, രാജ്നാരായണൻ ബുധോലിയ, ദേവ്വ്രത് സിംഗ്, ഹരി ദൻവേ പണ്ട്ലിക് എന്നിവർക്ക് സഭ ആദരാജ്ഞലികൾ അർപ്പിക്കും.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അലഹബാദ് സർവ്വകലാശാലയുടെ കോർട്ടിലേക്ക് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കും.
പിന്നാല കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ വിവാദമായ കാർഷിക നിയമം പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും. നിയമം പിൻവലിക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക എന്ന ആവശ്യം കർഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. സമരത്തിൽ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളുടെയും ബാങ്കുകളുടെയും നിയന്ത്രണവും മേൽനോട്ടവും, സേവനങ്ങളുടെ സുരക്ഷതവും ധാർമികവുമായി സേവനങ്ങൾ, ദുരുപയോഗം തടയൽ എന്നിവയുമായി ബന്ധപ്പെട്ട ബിൽ ഡോ. മൻസുഖ് മാണ്ഡവ്യ അവതരിപ്പിക്കും
രാജ്യസഭയിലെ നടപടികൾ
ഓസ്‌കാർ ഫെർണാണ്ടസ്, കെ ബി ഷാനപ്പ, ഡോ. ചന്ദൻ മിത്ര ഹരി സിംഗ് നാൽവ, മോണിക്ക ദാസ്, അബാനി റോയ് എന്നിവരെ അനുസ്മരിച്ചുകൊണ്ടായിരിക്കും രാജ്യസഭ ആരംഭിക്കുക
26 ബില്ലുകൾ അവതരിപ്പിക്കും
ക്രിപ്റ്റോ കറൻസി നിയന്ത്രണത്തിനുള്ള ബിൽ, പട്ടികജാതി-പട്ടിക വർഗ ഭേദഗതി ബിൽ, നഴ്സിംഗ് ബിൽ, ഡാം സുരക്ഷ ബിൽ, എമിഗ്രേഷൻ ബിൽ, മെട്രോ റെയിൽ ബിൽ, ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ, നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രോപിക് സബ്സ്റ്റാൻസ് ബിൽ,സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ബിൽ, ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ എന്നിങ്ങനെ 26 ബില്ലുകൾ സഭയിൽ അവതരിപ്പിക്കും
സഭ പ്രക്ഷുബ്ദമാകും
പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം, പെഗസസ് ചാര സോഫ്റ്റ്വെയർ തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഇന്നലെ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ചില സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാ സേനയുടെ (ബി എസ് എഫ് ) അധികാരപരിധി വർധിപ്പിച്ചതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികളിൽ ചിലർ ഉന്നയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുദീപ് ബന്ദോപാധ്യായയും ഡെറക് ഒബ്രിയാനും പൊതുമേഖല സ്വകാര്യവത്കരണം സംബന്ധിച്ചുള്ള ചർച്ചകൾ ആവശ്യപ്പെട്ടു.വനിതാ സംവരണ ബിൽ ചർച്ചയ്ക്ക് കൊണ്ടുവരണമെന്ന് ടിഎംസി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പാർട്ടികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം പാർലമെന്റിലെ പ്രതിപക്ഷ നടപടികൾ തിരുമാനിക്കാൻ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഗാർഖെ പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ വിളിച്ച് ചേർത്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications