എംപിമാര്‍ മാപ്പ് പറയണമെന്ന് സര്‍ക്കാര്‍; പറയില്ലെന്ന് പ്രതിപക്ഷം... ബിജെപിയുടെ തന്ത്രമെന്ന് വിമര്‍ശനം
ന്യുഡല്‍ഹി: സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രധാനമായ പല ബില്ലുകളും സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷം ഗുണപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം, മാപ്പ് പറയുന്ന വിഷയമേ ഉദിക്കുന്നില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഈ സമ്മേളനത്തില്‍ സസ്‌പെന്‍ഷന്‍. ഇത് സഭാ ചട്ടങ്ങള്‍ക്ക് എതിരായ നടപടിയാണ്. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ അംഗങ്ങള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ യോഗം ചേരുകയാണ്. പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്തത് സര്‍ക്കാരിന് ഒട്ടേറെ ബില്ലുകള്‍ നിയമമാക്കാനുള്ളത് കൊണ്ടാണെന്നും പ്രതിഷേധം ഭയന്നിട്ടാണെന്നും ആര്‍ജെഡി എംപി മനോജ് ഝാ പ്രതികരിച്ചു.
സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ്. അവര്‍ സ്പീക്കറോട് ഖേദപ്രകടനം നടത്തിയാല്‍ നടപടി പിന്‍വലിക്കും. അവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം. എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. നിമയപ്രകാരമുള്ള മറുപടി നല്‍കും. പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
മാപ്പ് പറയില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിട്ടുണ്ട്. 14 പാര്‍ട്ടികളുടെ എംപിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, സിപിഎം, സിപിഐ, ശിവസേന, എല്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ്, എന്‍സിപി, ടിആര്‍എസ്, ആര്‍എസ്പി, വികെസി, എംഡിഎംകെ എന്നീ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാത്തത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ചേരിയില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ എംപിമാരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ബിജെപിയുടെ തന്ത്രമാണെന്ന് ആര്‍ജെഡി എംപി മനോജ് ഝാ കുറ്റപ്പെടുത്തി. മോശം പെരുമാറ്റം എന്നത് തെറ്റായ പ്രചാരണമാണ്. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാര്‍ തന്ത്രം. സുപ്രധാനമായ ബില്ലുകള്‍ പാസാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. പ്രതിഷേധം ഇല്ലാതാക്കാനാണ് എംപിമാരെ സസ്‌പെന്റ് ചെയ്തത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ബില്ലും പാസാക്കുന്നുണ്ട്. ഈ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് സര്‍ക്കാരിന് ഉറപ്പാണെന്നും മനോജ് ഝാ പറഞ്ഞു. ചര്‍ച്ച നടത്തായെ കാര്‍ഷിക ബില്ല് പാസാക്കിയതിനെ വിമര്‍ശിച്ച് പി ചിദംബരവും രംഗത്തുവന്നു.












Click it and Unblock the Notifications