യാത്രക്കാര്‍ക്ക് നിരാശ; ബെംഗളൂരു മെട്രോ നിരക്ക് ഫെബ്രുവരി മുതല്‍ വര്‍ധിക്കും; പുതിയ നിരക്ക് ഇങ്ങനെ
ബെംഗളൂരു: നഗരയാത്രയ്ക്ക് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുത്തുന്നു. നമ്മ മെട്രോ യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയേകുന്നതാണ് പുതിയ തീരുമാനം. വരുന്ന ഫെബ്രുവരി മുതല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന നടപ്പാക്കാന്‍ നിരക്ക് നിര്‍ണയ കമ്മിറ്റി (ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി) നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടപ്പാക്കിയ വലിയ നിരക്ക് വര്‍ധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടിക്കറ്റ് വിലയില്‍ 71 ശതമാനം വരെ കുത്തനെ വര്‍ധന വരുത്തിയിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനമായി ബെംഗളൂരു മെട്രോ മാറുകയും ചെയ്തു. 2002-ലെ മെട്രോ റെയില്‍വേസ് ആക്ട് പ്രകാരമാണ് ഈ നിരക്ക് പരിഷ്‌കരണം നടപ്പാക്കുന്നത്. പുതിയൊരു കമ്മിറ്റി രൂപീകരിക്കുന്നത് വരെ ഈ വാര്‍ഷിക വര്‍ധന തുടരാം.

ഓരോ വര്‍ഷവും ഫെബ്രുവരിയില്‍ അഞ്ച് ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കാനാണ് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. മെട്രോയുടെ പ്രവര്‍ത്തനച്ചെലവും അറ്റകുറ്റപ്പണികളും കണക്കിലെടുത്താണ് ഈ തീരുമാനം. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതാണ് പുതിയ വര്‍ധനയെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം, കടബാധ്യതകള്‍ വീട്ടുന്നതിനും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്നതിനുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
വര്‍ഷാവര്‍ഷമുള്ള തുടര്‍ച്ചയായ നിരക്ക് വര്‍ധനയ്‌ക്കെതിരേ മെട്രോ യാത്രക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മെട്രോ ഒരു ആഡംബര സേവനമല്ല, മറിച്ച് സാധാരണക്കാരന് താങ്ങാനാവുന്ന ഒന്നായിരിക്കണം എന്ന് സ്ഥിരം യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യത്തിന് മെട്രോ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം, കണക്റ്റിവിറ്റിയുടെ അഭാവം, പുതിയ ലൈനുകളുടെ നിര്‍മ്മാണത്തിലെ കാലതാമസം എന്നിവ നിലനില്‍ക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് നീതീകരിക്കാനാവില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.
നിലവിലെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത് തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. യാത്രക്കാര്‍ ഇപ്പോള്‍ തന്നെ അര്‍ഹതപ്പെട്ടതിനേക്കാള്‍ 32 ശതമാനം കൂടുതല്‍ തുക നല്‍കുന്നുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ആവര്‍ത്തിച്ച് നടപ്പാക്കുന്ന വര്‍ധന ആളുകളെ വീണ്ടും മെട്രോ ഉപേക്ഷിച്ച് റോഡുകളിലെ ഗതാഗതക്കുരുക്കിലേക്ക് തന്നെ മടങ്ങാന്‍ പ്രേരിപ്പിക്കുമെന്നും ആശങ്കയുണ്ട്.
നിലവിലെ മെട്രോ നിരക്കുകള്‍ അനുസരിച്ച് 10 രൂപയുടെ ടിക്കറ്റിന് ഇനി 11 രൂപ നല്‍കേണ്ടി വരും. അതുപോലെ 25 രൂപയുടെ ടിക്കറ്റിന് 26 രൂപയായും വര്‍ധിച്ചേക്കാം.












Click it and Unblock the Notifications