മെഹബൂബ മുഫ്തി ലോക്സഭയിലേക്ക് മത്സരിക്കും, എതിരാളി ഗുലാംനബി: 3 സീറ്റില്‍ പിഡിപി പിന്തുണ കോണ്‍ഗ്രസിന്
ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ജനവധി തേടും. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തിൽ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.
ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കശ്മീർ താഴ്‌വരയിലെ മൂന്ന് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി ഡി പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സീറ്റ് പ്രഖ്യാപനം. നാഷണൽ കോൺഫറൻസ് ചർച്ചകളുടെ യാതൊരു സാധ്യതയും തുറന്നിട്ടില്ലെന്നും പി ഡി പി കുറ്റപ്പെടുത്തി. 'സ്ഥാനാർത്ഥികളെ നിർത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ അവർ (എൻസി) ഞങ്ങൾക്ക് മറ്റൊരു മാർഗവും അവശേഷിപ്പിച്ചിരുന്നില്ല', മുഫ്തി പറഞ്ഞു.

"ഇന്ത്യ ബ്ലോക്കിൻ്റെ യോഗം മുംബൈയിൽ നടന്നപ്പോൾ, ഫാറൂഖ് അബ്ദുള്ള ഞങ്ങളുടെ മുതിർന്ന നേതാവായതിനാൽ അദ്ദേഹം ഒരു തീരുമാനംഎടുക്കുമെന്നും നീതി പുലർത്തുമെന്നും ഞാൻ അവിടെ പറഞ്ഞിരുന്നു. അദ്ദേഹം പാർട്ടി താൽപര്യങ്ങൾ മാറ്റിനിർത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു," 2004ലും 2014ലും അനന്ത്നാഗിൽ നിന്ന് വിജയിച്ച മുഫ്തി വ്യക്തമാക്കി.
എന്നാല്‍ 2020ലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ്റെ (പിഎജിഡി) ഘടകകക്ഷികൾ തമ്മിലുള്ള ധാരണയിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന ആരോപണമാണ് പി ഡി പിക്കെതിരെ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ഉയർത്തുന്നത്.
അതേസമയം, ജമ്മു കശ്മിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് ഗുലാംനബി ആസാദിന്റെ മത്സരം. "ഞങ്ങൾക്ക് സംസ്ഥാന പദവിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇപ്പോർ ഇത് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഞാൻ രാജ്യസഭയിൽ പോരാടി. സംസ്ഥാന പദവിക്കായി ലോക്‌സഭയിലും പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. ഗവർണർ ഉള്ളിടത്ത് ഞങ്ങൾ പൂർണ സംസ്ഥാന പദവി ആവശ്യപ്പെടും. ലോക്‌സഭയിലെ എൻ്റെ ആദ്യ പോരാട്ടം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയായിരിക്കും" ഗുലാംനബി ആസാദ് പറഞ്ഞു.












Click it and Unblock the Notifications