സിന്ധ്യ നല്‍കിയ അടിക്ക് കമല്‍നാഥിന്റെ തിരിച്ചടി? മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സെന്ന് പീപ്പിള്‍സ് പള്‍സ്
ഭോപ്പാല്‍: 2018ല്‍ അധികാരത്തില്‍ എത്തിയിട്ടും 5 വര്‍ഷം ഭരിക്കാനുളള അവസരം തട്ടിയെടുക്കപ്പെട്ടതിന്റെ കണക്ക് ഇക്കുറി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തീര്‍ത്തേക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
കോണ്‍ഗ്രസിന് 117 മുതല്‍ 139 സീറ്റ് ലഭിച്ചേക്കും. ബിജെപിക്ക് 91 മുതല്‍ 113 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. അതേസമയം മറ്റുളള ചെറുപാര്‍ട്ടികള്‍ക്ക് 8 സീറ്റ് വരെ ലഭിച്ചേക്കാം. 230 നിയമസഭാ സീറ്റുകളുളള മധ്യപ്രദേശില്‍ വേണ്ട കേവല ഭൂരിപക്ഷം 116 സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും 15 മാസത്തോളം മാത്രമാണ് കമല്‍നാഥിന് ഭരിക്കാന്‍ സാധിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി ക്യാമ്പിലേക്ക് പോയതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതെ രാജി വെയ്‌ക്കേണ്ടതായി വന്നു. ഇക്കുറി കോണ്‍ഗ്രസ് സംസ്ഥാനത്ത് 43.1 ശതമാനം വോട്ട് നേടുമെന്നും പീപ്പിള്‍സ് പള്‍സ് സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് 38.8 ശതമാനം വോട്ടും മറ്റുളളവര്‍ക്ക് 18.1 ശതമാനം വോട്ടും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മധ്യപ്രദേശിലെ ഏഴ് പ്രധാന മേഖലകളില്‍ ബുന്ദേല്‍ഖണ്ഡ്, മഹാകൗശാല്‍, വിന്ധ്യ എന്നിവിടങ്ങളില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. അതേസമയം ചമ്പല്‍, മാള്‍വ നോര്‍ത്ത്, മാള്‍വ-തിമാര്‍-നിമര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ആയിരിക്കും മുന്നേറ്റം. ഇവിടങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് 79 മുതല്‍ 97 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. മധ്യ ഭാരതില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക.












Click it and Unblock the Notifications