അഖിലേഷ് മുലായത്തെ ഫോണില്‍ വിളിച്ചു, മുലായം വിമാനം കയറി: യുപിയില്‍ സംഭവിക്കുന്നത്
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സംഭവങ്ങള്‍ പ്രവചനാതീതമായിരിക്കെ, മുലായംസിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മില്‍ ഫോണില്‍ സംസാരിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സംഭവങ്ങള്‍ പ്രവചനാതീതമായിരിക്കെ, മുലായംസിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മില്‍ ഫോണില്‍ സംസാരിച്ചു. തൊട്ടടുത്ത നിമിഷം മുലായം ഡല്‍ഹിയില്‍ നിന്നു ലക്‌നൗവിലേക്ക് വിമാനം കയറി. എന്താണ് ഇവര്‍ സംസാരിച്ചതെന്ന് വ്യക്തമല്ല. പരസ്പരം പുറത്താക്കലും തിരിച്ചെടുക്കലും നേതാവാകലുമെല്ലാം തുടരുന്നതിനിടെയാണ് മകന്‍ അച്ഛന് ഫോണ്‍ ചെയ്തിരിക്കുന്നത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. മുലായത്തോടൊപ്പം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രമുഖരും വിമാനത്തിലുണ്ടായിരുന്നു. ഇരുവരും നേരില്‍ കാണുമെന്നാണ് വാര്‍ത്ത. സമാജ്‌വാദി പാര്‍ട്ടിയുടെ നിയന്ത്രണം തനിക്കാണെന്ന് കഴിഞ്ഞദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയും അഖിലേഷിനുണ്ട്.

താന്‍ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയില്ലെന്ന് മുലായം സിങ് വ്യക്തമാക്കിയിരുന്നു. അഖിലേഷ് പാര്‍ട്ടിയില്‍ അട്ടിമറി നടത്തിയിരിക്കുകയാണെന്നാണ് മുലായം പക്ഷക്കാരുടെ ആരോപണം. സമാജ്‌വാദി പാര്‍ട്ടിയും അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും ആര്‍ക്കാണ് ഉപയോഗിക്കാനാവുക എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യാദവ കുടുംബത്തിലെ കലഹം സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഈ അവസരം ബിജെപി മുതലെടുക്കുമെന്നാണ് പാര്‍ട്ടിയിലെ ചിലരുടെ ഭയം. അതിനിടെ അഖിലേഷ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് അഖിലേഷ് മുലായത്തിന് ഫോണ്‍ ചെയ്തത്. ഈ സമയം മുലായം ഡല്‍ഹിയിലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ വേണ്ടിയാണോ ഇതെന്ന് സംശയമുണ്ട്. അഖിലേഷിനെ മുലായം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഫോണ്‍ വന്ന് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുലായം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

എസ്പിയുടെ മുതിര്‍ന്ന നേതാവ് അസം ഖാനാണ് ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് റിപോര്‍ട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചക്കും അസംഖാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ സ്ഥിതി വഷളാവും.

മുലായം തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ തനിക്ക് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാന വോട്ടര്‍മാര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഈ ചിഹ്്‌നം വോട്ട് കിട്ടാനുള്ള ഒരു ആയുധം കൂടിയാണ്.

ചൊവ്വാഴ്ച അഖിലേഷിന്റെ വിശ്വസ്തന്‍ രാം ഗോപാല്‍ യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സൈക്കിള്‍ ചിഹ്നത്തിന്റെ കാര്യം ഉണര്‍ത്തിയിരുന്നു. 220 എംഎല്‍എമാരുടെ പിന്തുണ അഖിലേഷിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുലായത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റിയത് പാര്‍ട്ടി ഭരണഘടന പ്രകാരമാണെന്നാണ് അഖിലേഷ് ക്യാംപിന്റെ വാദം.

പാര്‍ട്ടി ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്ന് ഇനി തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ചിലപ്പോള്‍ ചിഹ്നം സസ്‌പെന്റ് ചെയ്യാനും കമ്മീഷന് അധികാരമുണ്ട്. സമാജ്‌വാദി പാര്‍ട്ടിയില്‍ ഏറെ കാലമായി പുകയുന്ന സാഹചര്യം കത്തിപ്പടരാന്‍ ഒടുവില്‍ കാരണമായത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ പട്ടിക അഖിലേഷ് പ്രഖ്യാപിച്ചപ്പോഴാണ്. അഖിലേഷിന്റെ പട്ടിക മുലായം അംഗീകരിച്ചിട്ടില്ല.












Click it and Unblock the Notifications