മണിപ്പൂർ കലാപം: എൻ ബിരേൻ സിംഗുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം മുതല്‍ സംസ്ഥാനത്ത് നടന്ന് വരുന്ന വംശീയ കലാപം സംബന്ധിച്ച സ്ഥിതിഗതികളെക്കുറിച്ച് എൻ ബിരേൻ സിംഗ് പ്രധാനമന്ത്രി മോദിയും തമ്മില്‍ ചർച്ച നടത്തിയെന്നാണ് ബി ജെ പി വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക കോൺക്ലേവിന് വേണ്ടിയാണ് എൻ ബിരേൻ സിംഗ് ഡൽഹിയിലെത്തിയത്. കോൺക്ലേവിന്റെ ഭാഗമായി നടന്ന ഷോർട്ട് ക്ലോസ്ഡ് ഡോർ സെഷനില്‍ നിലവിലുള്ള പ്രതിസന്ധിക്ക് സാധ്യമായ പരിഹാരത്തിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളും മാർഗ്ഗ നിർദേശങ്ങളും ചർച്ച ചെയ്യാൻ പ്രത്യേക സമയം ഷെഡ്യൂൾ ചെയ്തിരുന്നു.

കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും കേന്ദ്രത്തിൽ നിന്നോ സംസ്ഥാനത്തു നിന്നോ ഒരു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തിൻ്റെ വൻ സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം നടന്നത്.
ലോക്സഭ സമ്മേളനത്തിന്റെ തുടക്കത്തില്‍ മണിപ്പൂർ വിഷയം പ്രതിപക്ഷം വലിയ ചർച്ചാ വിഷയമായി വീണ്ടും ഉയർത്തിക്കൊണ്ടു വന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ നന്ദിപ്രമേയ പ്രസംഗത്തിന് പകരം മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നതായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റുകളും അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടെ മണിപ്പൂരിൽ ബി ജെ പി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് മണിപ്പൂർ ഗവർണർ അനുസിയ ഉയ്കെയെ നീക്കം ചെയ്യുകയും പുതിയ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് മണിപ്പൂരിൻ്റെ അധിക ചുമതല നൽകുകയും ചെയ്തതും.
മെയ്തെയി-കുക്കി ഗ്രോത്രങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ 220-ലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഏകദേശം 50000 പേർ ആഭ്യന്തരമായി കുടിയിറക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും മണിപ്പൂരിലെത്തിയില്ല.
'2023 മെയ് 3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്രയും നാൾ കഴിഞ്ഞിട്ടും കുറച്ച് മണിക്കൂർ പോലും മണിപ്പൂർ സന്ദർശിക്കാൻ മോദിക്ക് സാധിച്ചിട്ടില്ല.മോദി അദ്ദേഹത്തിന്റെ പാർട്ടിക്കാരൻ കൂടിയായ മണിപ്പൂരിലെ മുഖ്യമന്ത്രിയെ കാണാനോ അവിടുത്തെ എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കാണാനോ തയ്യാറായിട്ടില്ല' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചത്.












Click it and Unblock the Notifications