ഔദ്യോഗിക കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല, മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെത്തി ഗണപതി പൂജയില്‍ പങ്കെടുത്തതിനെ കുറിച്ച് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇത്തരം സന്ദര്‍ശനങ്ങള്‍ പതിവാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നേരത്തെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്കും പ്രതിപക്ഷ വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. നിരവധി പേരാണ് ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത്.
എങ്ങനെയാണ് ചീഫ് ജസ്റ്റിസിന് വിധിന്യായത്തില്‍ പക്ഷപാതമില്ലാതെ പെരുമാറാന്‍ സാധിക്കുകയെന്നും നിരവധി പേര്‍ ചോദിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം അനാവശ്യവും, യുക്തിഭദ്രവുമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം സന്ദര്‍ശനങ്ങള്‍ പതിവാണ്. ഏതെങ്കിലും ചര്‍ച്ചകളുടെ പരിധിക്കുള്ളില്‍ ജുഡീഷ്യല്‍ വിഷയങ്ങളെ ഉള്‍പ്പെടുത്താതിരിക്കാനും അതിന് പുറത്ത് കര്‍ശനമായി സൂക്ഷിക്കാനും ആവശ്യമായ പക്വത ഭരണഘടനാ കോടതികളിലെ ജഡ്ജിമാര്‍ക്കും എക്‌സിക്യൂട്ടീവിന്റെ തലപ്പത്തുള്ളവര്‍ക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഷ്ട്രത്തലവന്‍മാര്‍ ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കാറുണ്ട്. ആഘോഷപരിപാടികള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ ഉണ്ടാവാറുള്ളത്. ജുഡീഷ്യല്‍ വിഷയങ്ങള്‍ സംസാരിച്ചിട്ടേയില്ല. അതിനുള്ള പക്വതയുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ജുഡീഷ്യറി-എക്‌സിക്യൂട്ടീവ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാറുള്ളത്, അല്ലാതെ ജുഡീഷ്യല്‍ തീരുമാനങ്ങള്‍ സംബന്ധിച്ചല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൂടിക്കാഴ്ച്ചകള്‍ പ്രത്യേക ഡീലുകളുടെ ഭാഗമാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അതല്ല കാര്യം. ഇത് സര്‍ക്കാരിന്റെ വ്യത്യസ്ത ഘടകങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ സംഭാഷണത്തിന്റെ ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രപുരോഗതിക്ക് വേണ്ടിയാണ്. ജനാധിപത്യ ഭരണസംവിധാനത്തില്‍ ഞങ്ങള്‍ക്ക് ചുമതലകളെ കുറിച്ച് അറിയാം. രാഷ്ട്രീയ ചുമതല നിര്‍വഹിക്കുന്നവര്‍ക്ക് അവരുടേതിനെ കുറിച്ചും അറിയാം. ഒരു ജഡ്ജിയും കുറഞ്ഞ പക്ഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസുമാര്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നതോ ആകാന്‍ ഇടയുള്ളതോ ആയ ഒന്നിനെയും സ്വാഗതം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുട്ടികളുടെ വിവാഹമോ ആഘോഷചടങ്ങുകളോ ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രിമാര്‍ ചീഫ് ജസ്റ്റിസുമാരുടെയും, ഹൈക്കോടതി ജഡ്ജിമാരുടെയും ഭവനങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രത്തലവന്‍മാരുമായി ഇവരാരും ജുഡീഷ്യല്‍ കാര്ങ്ങള്‍ സംസാരിച്ചതായി അറിയില്ല. പരസ്പരം ആശംസകള്‍ കൈമാറുക മാത്രമാണ് ചെയ്തത്. മറ്റ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും കണ്ടുമുട്ടുമ്പോള്‍ ജുഡീഷ്യറിയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് സംസാരിക്കാറുണ്ട്. കാരണം കേസുകള്‍ ഒരുപാട് കെട്ടിക്കിടക്കുന്നുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.












Click it and Unblock the Notifications