സര്‍ജിക്കല്‍ സ്‌ട്രൈക്ക്; മന്ത്രിമാര്‍ക്ക് നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്
ദില്ലി: ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരുടെ അഭിപ്രായം വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അമ്പരപ്പുണ്ടാക്കരുതെന്ന് പ്രധാനമന്ത്രി മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പ്രതികരിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രതികരിക്കട്ടെയെന്നും മറ്റുള്ളവര്‍ വിഷയത്തില്‍ മൗനം പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൈന്യം നടത്തിയ ആക്രമണത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സൈനിക നീക്കത്തിന്റെ തെളിവുകള്‍ പുറത്തുവിടണോ എന്ന കാര്യത്തിലും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടായി. തെളിവുകള്‍ പുറത്തുവിടുന്നതിന് എതിരായാണ് ബിജെപി നേതാക്കളും വിദഗ്ധരും പ്രതികരിച്ചിരുന്നത്. സൈന്യത്തിന്റെ രഹസ്യസ്വഭാവമുള്ള ഓപ്പറേഷന്‍ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലന്നാണ് നേതാക്കളുടെ അഭിപ്രായം.
പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി യോഗം വ്യാഴാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചും തെളിവുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, യോഗം ഒക്ടോബര്‍ 14ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications