ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലെത്തും, പ്രാധാന്യമെന്ത്? സന്ദര്‍ശനത്തില്‍ സുപ്രധാന ചര്‍ച്ചകള്‍
മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി 16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലേക്ക് തിരിക്കും. ഒക്ടോബര്‍ 22-23 തിയതികളിലായിട്ടാണ് സന്ദര്‍ശനം. റഷ്യ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരത്തെ മോദിയെ ബ്രിക്‌സ് സമ്മേളനത്തിനായി ക്ഷണിച്ചിരുന്നു. കസാനിലാണ് ഉച്ചകോടി നടക്കുന്നത്.
വിദേശകാര്യ മന്ത്രാലയമാണ് ഇന്ന് പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ റഷ്യന്‍ സന്ദര്‍ശനമാണിത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ഉച്ചകോടിയാണിത്. ബ്രിക്‌സിലെ മറ്റ് അംഗരാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തും. റഷ്യയിലെ കസാനിയാണ് ഉച്ചകോടി നടക്കുന്നത്.

ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ തീം. ആഗോള വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഉച്ചകോടിയില്‍ പ്രധാനമായും നടക്കുക. ഭാവിയില്‍ സഹകരണം ആവശ്യമായ മേഖലകള്‍ എതെല്ലാം എന്ന് കണ്ടെത്താന്‍ ഉച്ചകോടിയിലെ ചര്‍ച്ചയിലൂടെ സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനില്‍ അറിയിച്ചു.
ബ്രിക്‌സിന്റെ ചരിത്രം
ഗോള്‍ഡ്മാന്‍ സാച്ച്‌സിലെ ചീഫ് ഇക്കണോമിസ്റ്റായ ജിം ഒനീലാണ് ബ്രിക്‌സ് എന്ന ആശയം അവതരിപ്പിക്കുന്നത്. 2001ല്‍ പ്രസിദ്ധീകരിച്ച പഠനം പിന്നീട് വ്യാപക ചര്‍ച്ചയായി മാറുകയായിരുന്നു. സാമ്പത്തിക, ധനകാര്യം, അക്കാദമിക്, മീഡിയ തുടങ്ങിയ മേഖലയിലെല്ലാം ഇവ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. 2006ലാണ് ഈ ആശയം ലോകരാജ്യങ്ങള്‍ ഏറ്റെടുത്ത് ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവരായിരുന്നു വിദേശ നയത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാമെന്ന് തീരുമാനിച്ചത്. 2011ല്‍ ദക്ഷിണാഫ്രിക്കയും ഈ ഗ്രൂപ്പിന്റെ ഭാഗമായി. മൂന്നാം ഉച്ചകോടിയുടെ സമയത്താണ് ബ്രിക്‌സ് എന്ന പേര് സ്വീകരിക്കുന്നത്. ആഗോള സമ്പദ് ഘടനയ്ക്ക് വലിയ സംഭാവന തന്നെ ബ്രിക്‌സ് നല്‍കുന്നുണ്ട്. 2003നും 2007നും ഇടയില്‍ നാല് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 65 ശതമാനമാണ് ആഗോള ജിഡിപിയിലേക്ക് സംഭാവന ചെയ്തത്.
മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം
മോദിയുടെ ഇത്തവണത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം റഷ്യയുമായി ദീര്‍ഘകാലത്തെ ബന്ധം ഇന്ത്യയ്ക്കുണ്ട്. യുഎസ്സ് അടക്കമുള്ളവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും റഷ്യയെ കൈവിടാന്‍ ഇന്ത്യ തയ്യാറല്ല. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിക്കാന്‍ ഇതുവരെ ഇന്ത്യ തയ്യാറായിട്ടില്ല. ഇത് തന്ത്രപൂര്‍വമുള്ള സമീപനമാണ്. ഇരുരാജ്യങ്ങളിലും സമാധാനം പുലരാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ജൂലായില്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു മോദി. പിന്നീട് കീവിലും അദ്ദേഹം എത്തിയിരുന്നു. കുറഞ്ഞ വിലയില്‍ എണ്ണ അടക്കം ഇന്ത്യക്ക് ലഭ്യമാക്കുന്നതും, സൈനിക ഉപകരണങ്ങള്‍ തുടരെ ലഭിക്കുന്നതുമെല്ലാം റഷ്യയും ഇന്ത്യയും തമ്മിലുള്ള വലിയ ബന്ധം കാരണമാണ്. യുഎസ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടര്‍ന്നിരുന്നു. റഷ്യക്കും ഇന്ത്യയുടെ ഈ സഹകരണം ആവശ്യമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ഇത് ശക്തമാക്കിയിരിക്കുകയാണ്. യുഎസ്സില്‍ നിന്നുള്ള സമ്മര്‍ദം അടക്കം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ മോദിക്കും ഇന്ത്യക്കും ഏറെ പ്രധാനപ്പെട്ടതാണ്.












Click it and Unblock the Notifications