നിങ്ങളുടെ ആശങ്ക എനിക്ക് മനസിലാകും; എഐ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നില്ല; യുവാക്കളോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള എഐ ഉച്ചകോടിയിലാണ് അദ്ദേഹം ടെക് ലോകത്ത് നിലനില്‍ക്കുന്ന ആശങ്കയെ അഭിമുഖീകരിച്ചത്. യുവാക്കളുടെ ആശങ്കകള്‍ തനിക്ക് മനസിലാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സാങ്കേതിക വിദ്യ വികസിക്കുമ്പോള്‍ ജോലികള്‍ ഇല്ലാതാകുകയല്ല, മറിച്ച് അവയുടെ സ്വഭാവം മാറുകയും പുതിയ അവസരങ്ങള്‍ ഉണ്ടാവുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.
ഈ മാറ്റങ്ങളെ നേരിടാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ വലിയ തോതില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ ഉറപ്പ്. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും മറ്റും അവരുടെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു പ്രേരകശക്തി ആയിട്ടാണ് പ്രവര്‍ത്തിക്കുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക എഐ സൂചികയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റം ഈ മേഖലയിലുള്ള രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സാങ്കേതികവിദ്യ കാരണം ജോലി നഷ്ടപ്പെടുകയല്ല, അതിന്റെ സ്വഭാവം മാറുകയും പുതിയ തരം ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഡിജിറ്റല്‍ വിപ്ലവത്തില്‍ ചില ജോലികള്‍ പുനര്‍നിര്‍വചിക്കപ്പെടും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പുതിയ തരം സാങ്കേതിക ജോലികള്‍ ചേര്‍ക്കപ്പെടും. ടെക് ലോകം ഇതിനായി തയാറാകണം. നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആശങ്കള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്ന് തയ്യാറെടുപ്പാണ്'.
നൂറ്റാണ്ടുകളായി വ്യാവസായിക നവീകരണവും സാങ്കേതിക വിപ്ലവങ്ങളും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നൂതനാശയങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നതായി ചരിത്രം നമ്മെ കാണിക്കുന്നു. എഐ യുഗത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കാന്‍ പോകുന്നത് - പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യ ഇതിനകം തന്നെ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകമെമ്പാടും തൊഴില്‍ മേഖലയില്‍ വലിയ ആശങ്ക വിതയ്ക്കുന്നുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ ഉള്‍പ്പെടെ നിരവധി വലിയ കമ്പനികളില്‍ നിന്ന് ആയിരക്കണക്കിന് ചെറുപ്പക്കാരെ പിരിച്ചുവിട്ടതിന്റെ കണക്കുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് ഐടി മേഖലയിലും കോര്‍പറേറ്റ് ജോലികളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ലോകത്താകെ ഏകദേശം 2,45,000 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. എഐ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍. ഈ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ വലിയ തോതിലുള്ള കൂട്ട പിരിച്ചുവിടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, പുതുതായി ആളുകളെ എടുക്കുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ട്.












Click it and Unblock the Notifications