ഡല്‍ഹിയില്‍ സിപിഎം ഓഫീസിലെ പരിപാടി തടഞ്ഞ് പൊലീസ്: ജനാധിപത്യവിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ സിപിഎം ഓഫീസായ സുർജിത് ഭവനിലെ പരിപാടി തടഞ്ഞ് പൊലീസ്. ജി-20 ക്കെതിരായി സംഘടിപ്പിക്കുന്ന വി-20 എന്ന പരിപാടിയാണ് പൊലീസ് തടഞ്ഞത്. ഓഫീസിന്റെ ഗേറ്റുകള്‍ പുറത്ത് നിന്നും പുട്ടിയ പൊലീസ് അകത്തേക്കോ പുറത്തേക്കോ ആരേയും കടത്തിവിട്ടില്ല. അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
പാർട്ടി ഓഫീസിന് അകത്ത് നടക്കുന്ന പരിപാടിയായതിനാല്‍ പൊലീസ് അനുമതി വേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. സമാനമായ രീതിയില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ പാർട്ടി ഓഫീസില്‍ നടന്ന് വരുന്നുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാവുന്നത്. അനുമതിയില്ലാത്തിനാല്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

പരിപാടിയിൽ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോൺഗ്രസ് നേതാവ് ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ജയറാം രമേശ് ഉള്‍പ്പെടേയുള്ള നേതാക്കള്‍ അകത്ത് കുടുങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതോടെ പൊലീസ് ഗേറ്റ് തുറന്ന് അദ്ദേഹത്തെ കടത്തി വിടുകയായിരുന്നു. പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളുടെ ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസ് നീക്കം. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് വിവിധി പ്രതിപക്ഷ പാർട്ടി നേതാക്കളും കേന്ദ്ര സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് തടഞ്ഞെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. പരിപാടി ഇപ്പോഴും ഓഫീസില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പൊലീസ് നടപയില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഎം നേതാവ് എംഎ ബേബിയും രംഗത്ത് വന്നു. ദില്ലിയിലെ സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
'സുർജിത് ഭവനിൽ വീ 20 എന്ന പേരിൽ ഒരു സെമിനാർ നടക്കുകയായിരുന്നു. സമാധാനപരമായി രണ്ടു ദിവസമായി നടന്നുവരുന്ന ഈ സെമിനാറിന് പൊലീസ് അനുമതി ഇല്ല എന്ന് ആരോപിച്ചാണ് സുർജിത് ഭവൻറെ ഗേറ്റ് അടച്ചുപൂട്ടി യോഗത്തിനെത്തിയവരെ പൊലീസ് തടഞ്ഞത്. ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പൊലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പൊലീസ് അനുമതി വാങ്ങേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിത്. ' എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
'ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ- ജനാധിപത്യ- മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടേയും സാംസ്ക്കാരിക പ്രവർത്തകരുടേയും ശബ്ദത്തെ അടിച്ചമർത്താനും ചലനങ്ങളെ ചങ്ങലക്കിടാനുമാണ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല എന്ന കാര്യം ആർഎസ്എസുകാരെ അറിയിക്കുന്നു. ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.' എന്നും എംഎ ബേബി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications