ഒരു എംഎല്‍എയ്ക്ക് അഞ്ചു ഗുണ്ടകള്‍, റിസോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം; 'ഒളിത്താവളത്തില്‍' റെയ്ഡ്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അധികാര വടംവലിക്കിടെ റിസോര്‍ട്ടില്‍ 'അടയ്ക്കപ്പെട്ട' അണ്ണാഡിഎംകെ എംഎല്‍എമാരുടെ സ്ഥിതി അതിദയനീയം. മൊബൈലും ടെലിവിഷനുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുകയാണവര്‍. മറ്റെല്ലാ സുഖസൗകര്യങ്ങളും എംഎല്‍എമാര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും പുറത്തിറങ്ങാനോ ഫോണ്‍ ചെയ്യാനോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല നിയോഗിച്ച ഗുണ്ടകള്‍ സമ്മതിക്കുന്നില്ല.

ഇതുസംബന്ധിച്ച ആരോപണം ശക്തമായിരിക്കെ മഹാബലിപുരത്തിനടുത്ത കൂവത്തൂരിലെ ആഢംബര റിസോര്‍ട്ടില്‍ പോലിസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഈ റിസോര്‍ട്ടില്‍ ശശികലയുടെ നിര്‍ദേശപ്രകാരം 120 എംഎല്‍എമാരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

ഓരോ എംഎല്‍എമാരെയും കണ്ടു

ശനിയാഴ്ച രാവിലെ റിസോര്‍ട്ടിലെത്തിയ പോലിസും റവന്യൂ ഉദ്യോഗസ്ഥരും ഓരോ എംഎല്‍എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഓരോരുത്തരോടും പ്രത്യേകം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നാണ് വിവരം. രാവിലെ 6.30ന് തുടങ്ങിയ പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്.

പോലിസും റവന്യൂ ഉദ്യോഗസ്ഥരും

ഡിവൈഎസ്പി തമിഴ്‌സെല്‍വം, ജില്ലാ റവന്യൂ ഓഫിസര്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എംഎല്‍എമാരെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണോ എന്നാണ് പോലിസ് ചോദിച്ചത്. നിങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടോ എന്ന കാര്യവും ചോദിച്ചു.

അഭിപ്രായം എഴുതി വാങ്ങി

എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം എഴുതി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ എംഎല്‍എമാര്‍ ഇവിടെയാണ് താമസിക്കുന്നത്. പാര്‍ട്ടി യോഗം കഴിഞ്ഞ ശേഷം ബസില്‍ കയറ്റിയാണ് ഇവിടെ എത്തിച്ചത്. ജനറല്‍ സെക്രട്ടറി ശശികല വിളിച്ച യോഗത്തില്‍ പങ്കെടുത്തവരാണ് റിസോര്‍ട്ടിലെ എംഎല്‍എമാരെല്ലാം. പിന്തുണ നല്‍കുമെന്ന് ശശികല ഇവരില്‍ നിന്ന് എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നു.

റെയ്ഡിന് പിന്നില്‍ ഗവര്‍ണര്‍?

എംഎല്‍എമാരെ നിര്‍ബന്ധപൂര്‍വം റിസോര്‍ട്ടില്‍ പാര്‍പിച്ചിരിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ പരിശോധിക്കാനാണ് പോലിസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയത്. ഇക്കാര്യം വ്യാഴാഴ്ച ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇടക്കാല മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ ഇക്കാര്യം പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

മദ്രാസ് ഹൈക്കോടതിയിലും പരാതികള്‍

വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഏാകാന്ത തടവിലാണെന്ന രണ്ട് ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. മാധ്യമപ്രവര്‍ത്തകരെയോ മറ്റു പുറത്തുനിന്നുള്ളവരെയോ റിസോര്‍ട്ടിലേക്ക് കടത്താതെ ശശികലയുടെ അനുയായികള്‍ റിസോര്‍ട്ടിന് കാവല്‍ നിന്നതോടെയാണ് എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത്.

 മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

റിസോര്‍ട്ടിന് പുറത്ത് എംഎല്‍എമാരെ കാണണമെന്ന് ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. ചിലര്‍ കല്ലെറിയുകയും ചെയ്തു. ചില മാധ്യമപ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേക്കെത്താന്‍ കടലിലൂടെ ശ്രമം നടത്തിയെങ്കിലും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെയും ഗുണ്ടകളുടെയും സാന്നിധ്യം മൂലം മടങ്ങി. പ്രദേശവാസികള്‍ക്ക് സുഗമമായ സഞ്ചാരം മേഖലയില്‍ അനുവദിക്കുന്നില്ല.

പന്നീര്‍ശെല്‍വം ചാക്കിലാക്കുമോ?

റിസോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വിട്ടാല്‍ എംഎല്‍എമാര്‍ പന്നീര്‍ശെല്‍വത്തിന്റെ ഒപ്പം കൂടുമോ എന്ന ആശങ്കയാണ് ശശികല ക്യാംപിനുള്ളത്. നീന്തല്‍കുളവും മസാജ് കേന്ദ്രവും ആര്‍ഭാട ഭക്ഷണവുമെല്ലാം എംഎല്‍എമാര്‍ക്ക് ലഭ്യമാണെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ അവര്‍ അമര്‍ഷമുണ്ടെന്നാണ് റിപോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചിലര്‍ ഉച്ചഭക്ഷണം കഴിച്ചില്ലെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

ഒരാളെ നിരീക്ഷിക്കാന്‍ അഞ്ചുപേര്‍

ഓരോ എംഎല്‍എമാരെയും നിരീക്ഷിക്കുന്നത് അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ്. അവര്‍ എവിടെ പോയാലും പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാവും. വളരെ വിശ്വസ്തരായ എംഎല്‍എമാരെ മാത്രമാണ് പത്രക്കാരെ കാണാന്‍ അനുവദിച്ചത്. തങ്ങളെ തടവില്‍ പാര്‍പ്പിച്ചതല്ലെന്ന് ശശികലയുടെ വിശ്വസ്തരായ എംഎല്‍എമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജീവനക്കാര്‍ക്കും നിയന്ത്രണം

റിസോര്‍ട്ടിലെ ജീവനക്കാരും യഥാര്‍ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അവര്‍ക്കുമുണ്ട് വിലക്ക്. തങ്ങള്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ചിന്നമ്മ (ശശികല) വിളിച്ചാല്‍ പുറത്തുവരുമെന്നും പാണ്ഡ്യന്‍ എംഎല്‍എ പറഞ്ഞു. 5500 മുതല്‍ 10000 രൂപവരെയാണ് ഈ റിസോര്‍ട്ടിലെ പ്രതിദിനം വാടക.

English summary
A team of police and revenue officials on Saturday morning began inquiries with around 120 AIADMK legislators staying at a luxurious resort+ at Koovathur near Mahabalipuiram. The team, led by additional deputy superintendents of police Tamilselvan and district revenue officer Ramachandran, reached the resort around 6.30am, and began independent inquires with each and every MLA staying in the resort.
Please Wait while comments are loading...